കോളയാട് : കണ്ണവം വനത്തിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വലിയ ഉണങ്ങിയ മരങ്ങൾ സ്കൂൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മുറിച്ച് മാറ്റാൻ നടപടിയില്ല. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് കൂറ്റൻ മരം കടപുഴകി വീണിരുന്നു. പുലർച്ചെ ആയതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. നിരവധി മരങ്ങളാണ് റോഡരികിൽ ഇനിയും ഉണങ്ങി നിൽക്കുന്നത്.
വനവൽക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച മഹാഗണിയും ഭീഷണിയാവുകയാണ്. വനം വകുപ്പിന് പലതവണയായി നിർദേശം നൽകിയെങ്കിലും പേരിന് ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് മുറിച്ച് മാറ്റിയത് എന്ന് നാട്ടുകാർ പറയുന്നു.കണ്ണവം വനമേഖലയിലൂടെ കടന്നു പോകുന്ന തലശ്ശേരി – ബാവലി അന്തർ സംസ്ഥാന പാതിയിൽ റോഡിനോടു ചേർന്ന് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ കാലങ്ങളായി മുറിക്കാത്തതും സ്ഥിരം യാത്രക്കാരുടെ ഉറക്കം കെടുത്തുന്നു.
എടയാർ, കോളയാട് ടിമ്പർ ഡിപ്പോ മുതൽ കോളയാട് പട്ടണം വരെയുള്ള ഭാഗങ്ങളിലെ മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ടിമ്പർ ഡിപ്പോയ്ക്ക് സമീപം ഉണങ്ങിയ മരം മുറിച്ചുമാറ്റാൻ സമീപവാസി അപേക്ഷ നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഉണങ്ങി ദ്രവിച്ച മരം ഏത് നിമിഷവും പൊട്ടി വീഴാവുന്ന രീതിയിലാണ് ഉള്ളത്. റോഡിലേക്ക് വീണാൽ വൈദ്യുത കമ്പികളും തൂണുകളും ഉൾപ്പെടെ തകരും.
തൊക്കിലങ്ങാടി – കണ്ണവം കോളയാട് ഭാഗങ്ങളിൽ മാത്രം റോഡരികിൽ 30 ഓളം മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മഴക്കാലത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നിർദേശം നൽകിയപ്പോൾ പൊതു സ്ഥലങ്ങളിലെയും റോഡ് അരികിലെയും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടിയില്ല.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കോളയാട് ചങ്ങലഗേറ്റ് – പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് കൂറ്റൻ മരം കടപുഴുകി വീണു. ഇന്നലെ പുലർച്ചെയാണ് റോഡിന് കുറുകെ മരം കടപുഴകി വീണത്. മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗത്തും നിർത്തിയിട്ടത്. പേരാവൂരിൽ നിന്നും അഗ്നിശമന സേന എത്തി മരം മുറിച്ചുമാറ്റി എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി, കേബിൾ ടിവി, ടെലിഫോൺ ബന്ധം താറുമാറായി പുലർച്ചെ ആയതിനാൽ കൂടുതൽ അപകടം ഒഴിവായത്.
റോയ് പൗലോസ് കോളയാട് പഞ്ചായത്തംഗം
മരം മുറിക്കാൻ പഞ്ചായത്തും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിയും താലൂക്ക് ദുരന്ത നിവാരണ സമിതിയും അംഗീകരിച്ചു കൊണ്ട് പഞ്ചായത്തിലേക്ക് റിപ്പോർട്ട് വന്നിട്ടുണ്ട്. ഇതനുസരിച്ച് പഞ്ചായത്ത് വനം വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. മരം മുറിക്കാനുള്ള നടപടികൾ വനം വകുപ്പ് ത്വരിതപ്പെടുത്തണം.