കടലിൽ നിന്നും കറിച്ചട്ടിയിലേക്ക്; പുതിയ പദ്ധതി ആരംഭിക്കും

കണ്ണൂർ : രാസവസ്തുക്കൾ ചേർക്കാത്ത മത്സ്യം ആവശ്യക്കാർക്ക് എത്തിക്കുന്നതിനായി പുതിയ പദ്ധതി ‘കടലിൽ നിന്നും കറിച്ചട്ടിയിലേക്ക്’ ആരംഭിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനും എടക്കാട് കണ്ണൂർ സിറ്റി മത്സ്യ തൊഴിലാളി സഹകരണ സംഘവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.
പദ്ധതിയുടെ ഭാഗമായി ദിവസവും രാവിലെ അഴീക്കൽ, ആയിക്കര മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ ശേഖരിക്കുന്ന മീൻ കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ പ്രദേശങ്ങളിൽ രാവിലെ ഒൻപതിന് മുൻപ് എത്തിച്ചു നൽകും.
മത്സ്യം വിതരണം ചെയ്യാൻ താത്പര്യമുള്ള സംരംഭകർ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ എന്നിവർക്ക് മുൻഗണന. ഫോൺ: 7356386157, 0497 2731642.