പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം; ജെയ്ക്കിന് ഹാട്രിക് തോൽവി: നാണംകെട്ട് ബി.ജെ.പി

Share our post

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ലീഡ് 39,753 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്.തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി.

പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാലിന് 6447 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.കഴിഞ്ഞ തവണത്തേക്കാൾ 5200 വോട്ടുകൾ ബി.ജെ.പിക്ക് കുറഞ്ഞു.
7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ.

ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു.

1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എം.എൽ.എ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!