കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

മൈസൂരു: പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു.
രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ് നൈനാൻ ശ്രദ്ധ നേടുന്നത്. ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ ‘നൈനാൻസ് വേൾഡ്’, ‘ഇന്ത്യ ടുഡേ’യിലെ ‘സെന്റർ സ്റ്റേജ്’ പരമ്പരകൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.
ബാലമാസികയായ ‘ടാർഗറ്റി’ലെ ഡിറ്റക്ടീവ് മൂച്ച്‌വാല അദ്ദേഹത്തിന്റെ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ്. ഇന്ത്യൻ എക്‌സ്പ്രസിലും ഔട്ട്‌ലുക്കിലും ജോലി ചെയ്തിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയിൽ ‘ജസ്റ്റ് ലൈക്ക് ദാറ്റ്’ എന്ന പേരിൽ ദിനംപ്രതിയും ‘ലൈക്ക് ദാറ്റ് ഒൺലി’ എന്ന പേരിൽ ജഗ് സുരൈയ്യയ്‌ക്കൊപ്പം ദ്വൈവാരത്തിലും കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘പൊളി ട്രിക്‌സ്’ എന്ന പേരിൽ കാർട്ടൂൺ പരമ്പരയും ചെയ്തു.
തിരുവല്ല സ്വദേശിയാണ്. 1955 മേയ് 15ന് ഹൈദരാബാദിൽ മലയാളികളായ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണു ജനനം. വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ്. എലിസബത്ത് നൈനാനാണു ഭാര്യ. സംയുക്ത, അപരാജിത മക്കളാണ്.
ഇന്നു രാവിലെയാണ് മൈസൂരുവിലെ ഫ്‌ളാറ്റിൽ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണു ബന്ധുക്കൾ മാധ്യമങ്ങൾക്കു നൽകുന്ന വിവരം.