കുളംബസാറിലെ അടിപ്പാത പ്രാരംഭ പ്രവൃത്തി തുടങ്ങി

മുഴപ്പിലങ്ങാട്: ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളംബസാറിൽ അടിപ്പാത നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. ബസാറിൽ തന്നെ കടവിലേക്കും ബീച്ചിലേക്കും പോകുന്ന റോഡിന് സമാനമായാണ് അടിപ്പാതയുടെ നിർമാണം.
അഞ്ച് മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് നിർമിക്കുക. നിലവിൽ ദേശീയപാത നിർമാണം പൂർത്തിയായാൽ പഞ്ചായത്തിന്റെ ഹൃദയഭാഗമായ കുളംബസാറിൽനിന്ന് ഇരുവശവും ജനങ്ങൾക്ക് ബന്ധപ്പെടാൻ ഒരു മാർഗവും ഇല്ലാതാവും.
ഈ അവസ്ഥ മുന്നിൽകണ്ട് വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും ഫലമായാണ് ബസാറിൽ അടിപ്പാത യാഥാർഥ്യമായത് . ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ അടിപ്പാതക്ക് വേണ്ടി നടന്ന സമരം കാരണം ഈ ഭാഗത്തെ നിർമാണ പ്രവർത്തനം അഞ്ച് മാസത്തോളം നിർത്തിവെച്ചിരുന്നു.
ആവശ്യം നേടിയെടുക്കാൻ ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതിയും ദേശീയപാത അതോറിറ്റി, എം.പി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ നിവേദനം നൽകുകയും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.