ബി.ടെക്., ബി.ആർക്: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ പത്തിന്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർക്കാർ എൻജിനിയറിങ് കോളേജുകൾ, മൂന്ന് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിലെ ബി.ടെക്., ബി.ആർക്. കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 10-ന് തൃശ്ശൂർ എൻജിനിയറിങ് കോളേജിലാണ് സ്പോട്ട് അഡ്മിഷൻ നടപടികൾ നടക്കുക. അന്നേ ദിവസം രാവിലെ എട്ടുമുതൽ 12 വരെ രജിസ്റ്റർചെയ്യാം. ഉച്ചയ്ക്ക് ഒരുമണിമുതൽ സ്പോട്ട് അലോട്‌മെന്റ് നടത്തുമെന്ന് സാങ്കേതികവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജുകൾ (കേപ്പ്, ഐ.എച്ച്.ആർ.ഡി., എൽ.ബി.എസ്., സി.സി.ഇ., എസ്.സി.ടി.) ഒഴികെയുള്ള എല്ലാ കോളേജുകളിൽനിന്നും വരുന്ന വിദ്യാർഥികൾ എൻ.ഒ.സി. ഹാജരാക്കണം.

സ്പോട്ട് അഡ്മിഷൻ എടുക്കുന്ന (നിലവിൽ പ്രവേശനം എടുത്തിട്ടുള്ളവരും പുതുതായി പ്രവേശനം നേടുന്നവരും) എല്ലാ വിദ്യാർഥികളും പ്രവേശനംനേടിയാൽ അന്നുതന്നെ ഫീസ് അടയ്ക്കണം. ജനറൽ വിഭാഗക്കാർക്ക് 8650 രൂപയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസ്. കീം റാങ്ക് ലിസ്റ്റ് വഴി പ്രവേശനമെടുത്ത വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്പ്‌മാത്രം ഹാജരാക്കിയാൽ മതിയാകും.

ഹാജരാക്കേണ്ട രേഖകൾ: പ്ലസ്ടു മാർക്ക് ഷീറ്റ്, പ്രവേശന പരീക്ഷാ കമ്മിഷണർ നൽകുന്ന ഡേറ്റ ഷീറ്റ്, എസ്.എസ്.എൽ.സി./10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി., ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്), നേറ്റിവിറ്റി ഒറിജിനൽ സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി., ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, കീം പ്രോസ്പക്ടസ് പ്രകാരമുള്ള രേഖകൾ), നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി./ഒ.ഇ.സി.), ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് (ഇ.ഡബ്ല്യു.എസ്. കാറ്റഗറി). വിവരങ്ങൾക്ക്: 9400006411, www.dtekerala.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!