സാങ്കേതിക സര്‍വകലാശാല: ഒന്നാം വര്‍ഷ ബിടെക് ക്ലാസ് എട്ടിനാരംഭിക്കും

തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിടെക് ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കും. ആദ്യ സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍ എട്ട് മുതല്‍ 15 വരെ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
ഇന്‍ഡക്ഷന്‍ പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 8 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത പഠന മേഖലയെപ്പറ്റിയുള്ള കൃത്യമായ അവബോധവും ദിശാബോധവും നല്‍കുകയും, കോഴ്‌സുകളുടെ ഭാവി സാധ്യതകളെ പറ്റി ബോധവത്കരിക്കുകയും ചെയ്യുകയാണ് ഇന്‍ഡക്ഷന്‍ പരിപാടിയുടെ മുഖ്യലക്ഷ്യം.
പ്രധാന പൊതുസെഷനുകള്‍ സര്‍വകലാശാല തന്നെ ഓണ്‍ലൈനായി നടത്തും. ഇതര ക്ലാസുകളും പരിശീലനങ്ങളും കോളേജുകള്‍ നേരിട്ട് നടത്തും. സെപ്റ്റംബര്‍ 11 ന് ‘ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ മാര്‍ട്ടിന്‍ എന്‍ജിനീയറിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനൂപ് നായര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 12 ന് വിദ്യാര്‍ത്ഥികളുടെ മനസികാരോഗ്യത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ. വര്‍ഗീസ് പുന്നൂസ് സംസാരിക്കും.
സെപ്റ്റംബര്‍ 13 ന് ‘ലഹരി വിരുദ്ധത’ എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസാരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ.പി മുഖ്യപ്രഭാഷണം നടത്തും. 14 ന് കേരളത്തിലെ വ്യാവസായിക സാഹചര്യത്തെകുറിച്ചുള്ള സെഷന്‍ നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. റോഡ് സുരക്ഷ എന്ന വിഷയത്തില്‍ എഡിജിപിയും റോഡ് സുരക്ഷാ കമ്മീഷണറുമായ ശ്രീജിത്ത് ഐ.പി.എസ് പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 15 ന് നടക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാര്‍ഗരേഖ-2 എന്ന വിഷയത്തില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എക്‌സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ പി സുധീര്‍ പ്രഭാഷണം നടത്തും. അന്നേ ദിവസം നടക്കുന്ന സമാപന പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിക്കും.