തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍റെ നിലപാട് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലും വേണ്ട ഭേദഗതികള്‍ പ്രത്യേക സമിതി പരിശോധിക്കുകയാണ്. അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.