മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരു വർഷം നേടുന്നത് 2200 കോടി രൂപ

Share our post

കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ 38 സൗജന്യ യാത്രാനിരക്കുകൾ നിർത്തലാക്കിയത്.

മുതിർന്ന പൗരന്മാർക്ക്‌ കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തിൽ എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകൾക്കുമാണ് ആനുകൂല്യങ്ങൾ ഇല്ലാതായത്. ഇളവുകൾ ഇല്ലാതായതിനുശേഷം മൂന്നുവർഷമായി തീവണ്ടിയിൽ യാത്രചെയ്തത് 15.27 കോടി മുതിർന്ന യാത്രക്കാരാണ്.

2020 മാർച്ച് 20 മുതൽ 2022 മാർച്ചുവരെ 7.30 കോടി യാത്രക്കാർ മുഴുവൻ നിരക്കും നൽകി യാത്രചെയ്തു. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും ഉൾപ്പെടും. 1500 കോടി രൂപയോളം ഇളവുകൾ നൽകാത്തയിനത്തിൽ റെയിൽവേക്ക് ലഭിച്ചു.

2022 മാർച്ചുമുതൽ 2023 ഏപ്രിൽവരെയുള്ള കണക്ക് പ്രകാരം 2,242 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 7.96 കോടി മുതിർന്ന യാത്രക്കാരാണ് ഈ കാലയളവിൽ മുഴുവൻ നിരക്ക് നൽകി യാത്രചെയ്തത്. 2021 മുതൽ റിസർവേഷൻ സിസ്റ്റത്തിൽ സീനിയർ സിറ്റിസൺ കോഡും ഒഴിവാക്കി. ഒരു തീവണ്ടിയിൽ ആകെയുള്ള ലോവർ ബർത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പാൾ കിട്ടുന്ന ഏക ആശ്വാസം.

ഒഴിവാക്കാനാകില്ല ഈ യാത്ര

ആരോഗ്യകാരണങ്ങളാൽ അവശതയനുഭവിക്കുന്ന ഭൂരിഭാഗം മുതിർന്ന പൗരന്മാരും ബസ് യാത്ര ഒഴിവാക്കി തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. ശൗചാലയ സംവിധാനവും തീവണ്ടിയെ പ്രിയപ്പെട്ടതാക്കുന്നു. തീർഥാടന-വിനോദയാത്ര പോകുന്നവർക്കും റെയിൽവേയുടെ നിലവിലെ തീരുമാനം തിരിച്ചടിയാണ്. സ്ലീപ്പർ കോച്ചിലെങ്കിലും ഇളവ് അനുവദിക്കൂവെന്ന് സാധാരണക്കാർ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!