ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്നകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാൾ മലയാളിയാണ്. പ്രതിയെ ദൃക്സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
പീഡനത്തിൽ പരിക്കേറ്റ കുട്ടി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ആലുവയിൽ കഴിഞ്ഞ ജൂലായിൽ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.