‘കാഴ്ചക്കാരനായി’ സെൽഫിയെടുത്ത് ആദിത്യ; ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പകർത്തി

Share our post

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 പകർത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഭൂമിയെ വലുതായി ചിത്രത്തിൽ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തിൽ കാണാൻ സാധിക്കും.

നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന ആദിത്യ സെപ്റ്റംബർ നാലിനാണ് ചിത്രങ്ങൾ പകർത്തിയത്.ഇതോടൊപ്പം, പേടകം പകർത്തിയ രണ്ട് പരീക്ഷണ ഉപകരണങ്ങളുടെ ചിത്രവും ഐ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടുണ്ട്.

സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണമായ വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC), സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണമായ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) എന്നിവയാണ് ഉപകരണങ്ങൾ.

വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സും വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് പൂനെയിലെ ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സുമാണ് നിർമിച്ചത്.

സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് വിജയകരമായി വിക്ഷേപിച്ചത്. ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്കുള്ള യാത്രയിലാണ് ആദിത്യ എൽ1.

രണ്ട് തവണ ഭ്രമണപഥം ഉയർത്തിയ പേടകം നിലവിൽ ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് വലംവെക്കുന്നത്. സെപ്റ്റംബർ 10ന് മൂന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് 1 പോയന്റിൽ ജനുവരി ആദ്യം പേടകം എത്തും.

ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട ദൗത്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!