എടുത്തോണ്ട് ഓടി; പക്ഷേ, ‘അടിക്കാൻ’ വിട്ടില്ല

കണ്ണൂർ : ബിവറിജസ് കോർപറേഷന്റെ ഔട്‌ലെറ്റിൽ നിന്നു ബീയർ മോഷ്ടിച്ച് ഓടിയ ആളെ പിടികൂടി. ജില്ലാ ആശുപത്രിക്കു സമീപത്തെ മാണിക്കോത്ത് ഹൗസിൽ എം.മായാചന്ദാണു (33) പിടിയിലായത്. പാറക്കണ്ടിയിലെ ഔട്ലെറ്റിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള പ്രീമിയം കൗണ്ടറിന്റെ പിറകുവശത്തു നിന്നാണ് ഒരു കെയ്സ് (12 കുപ്പി) ബീയറുമെടുത്ത് ഇയാൾ ഓടിയത്.
ജീവനക്കാർ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഷട്ടർ താഴ്ത്തി ജീവനക്കാർ കണക്ക് ശരിയാക്കുന്നതിനിടെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ബീയറുമായി പ്രതി സ്ഥലംവിടുന്നതു കണ്ടത്. പ്രതിയെ ടൗൺ പൊലീസിനു കൈമാറി. മാനേജർ പി.കെ.നവീനിന്റെ പരാതിയിൽ കേസെടുത്തു.