പഠനം ഓസ്‌ട്രേലിയയില്‍: സാധ്യതകളും അവസരങ്ങളും നേരിട്ടറിയാന്‍ ഇതാ അവസരം

ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്റ്റംബര്‍ 12-ന് ചെന്നൈയില്‍ നടക്കും. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ ആ രാജ്യത്തെ 25 സര്‍വകലാശാലകള്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരവും തൊഴില്‍ സാധ്യതയുമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരമാണ് ഓസ്‌ട്രേലിയ ഒരുക്കുന്നതെന്ന് ഓസ്‌ട്രേഡ് സീനിയര്‍ കമ്മീഷണര്‍ ഡോ. മോണിക്ക കെന്നഡി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 70,231 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഓസ്‌ട്രേലിയയിലെത്തിയത്. ഈ വര്‍ഷം ജൂണ്‍ വരെ 47,759 വിദ്യാര്‍ഥികള്‍ എത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയിലെ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരില്‍ ചോദിച്ച് മനസ്സിലാക്കുന്നതിന് അവസരമൊരുക്കുകയാണ് റോഡ് ഷോയുടെ ഉദ്ദേശ്യം. വിവിധ കോഴ്‌സുകളെപ്പറ്റിയും തൊഴിലവസരങ്ങളെപ്പറ്റിയും ഫീസിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.
ചെന്നൈയിലെ ഹോട്ടല്‍ താജ് കോറമണ്ഡലില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് പരിപാടി. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള ലിങ്ക് സ്റ്റഡി ഓസ്‌ട്രേലിയ വെബ്സൈറ്റില്‍ ലഭ്യമാണ്.