ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾക്ക് ഒരുക്കമായി
കണ്ണൂർ: ഇന്ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭയാത്രകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർണശഭളമായ ഘോഷയാത്രകൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് ജില്ലയിലെ 2500 കേന്ദ്രങ്ങളിൽ പതാക ഉയർന്നു. അകലട്ടെ ലഹരി –ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശം ഉയർത്തിയാണ് ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ 500 ശോഭായാത്രകൾ ഉണ്ടാകും. ഇതിൽ 12 സ്ഥലങ്ങളിൽ മഹാശോഭായാത്രകളാണു നടക്കുക. എല്ലാ സ്ഥലങ്ങളിലും വൈകിട്ട് 4നാണ് ആരംഭിക്കുക.
കണ്ണൂർ എസ്എൻ പാർക്ക്, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, തൊക്കിലങ്ങാടി, തിരുവോണപ്പുറം, കൊട്ടിയൂർ, നെടുംപൊയിൽ, ഇരിട്ടി ടൗൺ, കുട്ടിമാവ് ടൗൺ, മട്ടന്നൂർ മഹാദേവക്ഷേത്രം, നായാട്ടുപാറ, പാറാൽ ടൗൺ, ചക്കരക്കല്ല് ടൗൺ എന്നിവിടങ്ങളിലാണ് മഹാശോഭായാത്ര ഉണ്ടാകുക.
നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗോപികാ നൃത്തം എന്നിവയും ഉണ്ടാകും. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ശോഭാ യാത്രകളുടെ ഉദ്ഘാടന സഭയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
കലാപമുണ്ടാക്കാൻ ശ്രമം: എൻ.ഹരിദാസ്
കണ്ണൂർ∙ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം സ്ഥാപിച്ച പതാകകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു. രാത്രിയുടെ മറവിൽ കലാപത്തിന് ശ്രമിക്കുകയാണ്. പാനൂരിലും കണ്ണവത്തും ചാലാടും കൊടികൾ നശിപ്പിച്ചിട്ടുണ്ട്.
