എൻജിനീയർമാരുമില്ല: തദ്ദേശത്തിൽ സെക്രട്ടറി ക്ഷാമം

Share our post

കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരും എൻജിനീയറിംഗ് വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവും കാരണം വികസന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും വൈകുന്നു.

ജില്ലയിലെ കുന്നോത്തു പറമ്പ, മാടായി, മാട്ടൂൽ, നടുവിൽ, രാമന്തളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറിമാർ ഇല്ല. ഉളിക്കൽ, പയ്യന്നൂർ, അയ്യൻകുന്ന്, തില്ലങ്കേരി, കൊളച്ചേരി, മാലൂർ, പേരാവൂർ, മുഴക്കുന്ന്, കേളകം,കോളയാട്, നടുവിൽ, ഉദയഗിരി, മാട്ടൂൽ, ന്യൂ മാഹി, ചെറുപുഴ എന്നീ പഞ്ചായത്തുകളിലും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും അസിസ്റ്റന്റ് എൻജിനീയർമാരുടെയും ഒഴിവുണ്ട്.

ഓൺലൈൻ സ്ഥലം മാറ്റത്തിലൂടെ ഉദ്യോഗസ്ഥരെ ഓരോ സ്ഥലത്തും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇത് കൂടാതെ പ്രമോഷൻ, സ്ഥലം മാറ്റം തുടങ്ങിയ നടപടികളിലൂടെയും ഒഴിവുകൾ നികത്താൻ ശ്രമം നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 89 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കാണ് പ്രമോഷൻ മുഖേന നിയമനം നടക്കുന്നത്.

അതോടൊപ്പം 91 അസിസ്റ്റന്റ് എൻജിനീയർമാരുടെ നിയമന ഉത്തരവ് കേരള പി.എസ്.സി പുറപ്പെടുവിപ്പിച്ചിട്ടുമുണ്ട്. ഇതിലൂടെ ജില്ലയിലെ ചില ഒഴിവുകളെങ്കിലും നികത്താനാകുമെന്നാണ് വകുപ്പ് കണക്ക് കൂട്ടുന്നത്. എന്നാലും സംസ്ഥാനത്താകെ വിവിധ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ നികത്താൻ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും.

ശ്രീകണ്ഠപുരത്ത് കൂട്ട സ്ഥലംമാറ്റം ശ്രീകണ്ഠപുരം നഗരസഭയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. നിലവിൽ നഗരസഭയിൽ ജോലി ചെയ്യുന്ന അഞ്ച് എൽ.ഡി ക്ലാർക്കുമാർക്കും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചവരെല്ലാം പത്തിനകം പുതിയ സ്ഥലത്ത് ജോയിൻ ചെയ്യണമെന്നാണ് നിർദ്ദേശം കൊടുത്തിട്ടുള്ളത്.

രണ്ട് യു.ഡി ക്ളാർക്കുമാരെ സ്ഥലം മാറ്റിയപ്പോൾ പകരം ഒരാളെ നിയമിച്ചു. എൽ.ഡി ക്ലാർക്കുമാരുടെ കസേരകൾ ഒഴിഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ച റവന്യു ഇൻസ്‌പെക്ടർ‌ക്ക് പകരവും നിയമനം നടന്നിട്ടില്ല.

എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്ന് ഓവർസിയർമാരുടെ ഒഴിവുണ്ട്. ഇത് നിർമ്മാണവികസന പ്രവൃത്തികളെ പിന്നോട്ടടിക്കുകയാണ്. മുപ്പത് വാർഡുകളുള്ള നഗരസഭയിൽ ദിനംപ്രതി നൂറുകണക്കിന് പേരാണ് ജീവനക്കാരുടെ അഭാവം മൂലം സേവനം ലഭിക്കാതെ മടങ്ങുന്നത്. നിലവിൽ പല വകുപ്പുകളിലേയും ജോലി മറ്റ് തസ്തികയിലുള്ളവർ ചെയ്യേണ്ട അവസ്ഥയാണ് ഈ നഗരസഭയിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!