കീഴാറ്റൂർ മേഖലയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

തളിപ്പറമ്പ് : ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കീഴാറ്റൂർ മേഖലയിലെ തോടുകളിൽ മത്സ്യങ്ങൾ വ്യാപകമായി ചത്ത് പൊങ്ങുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടതോടെ ഒഴുക്ക് നിലച്ച തോടിലെ മലിനജലം നിമിത്തമാണ് മത്സ്യങ്ങൾ ചാകുന്നതെന്നാണു നാട്ടുകാരുടെ പരാതി.
മഴക്കാലത്ത് ജലനിരപ്പ് ഉയർന്നപ്പോൾ വയലുകളിലേക്ക് കയറി വന്ന കരിമീൻ ഉൾപ്പെടെയുള്ള വലിയ മത്സ്യങ്ങൾ വെള്ളം കുറഞ്ഞപ്പോൾ തിരിച്ചു പോകാൻ സാധിക്കാതെ തോട്ടിൽ കുടുങ്ങിയിരുന്നു. ഇവയും ചത്തു.
വേനൽക്കാലത്ത് ഇവിടെ തോടുകളിൽ ഒഴുക്ക് പൂർണമായും നിലച്ച് വെള്ളം കറുത്ത നിറമായിരുന്നു. ദേശീയപാത നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ ഇത്തരം വലിയ മത്സ്യങ്ങളെ ശേഖരിച്ചിരുന്നു. എന്തെങ്കിലും വിഷാംശം വെള്ളത്തിൽ കലക്കിയതു കൊണ്ടാണോ മത്സ്യങ്ങൾ ചാകുന്നതെന്നു സംശയമുയർന്നിരുന്നുവെങ്കിലും ഇതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളം മലിനപ്പെട്ട് ഓക്സിജൻ കുറയുന്നത് കൊണ്ടാകാം ഇവ ചാകുന്നതെന്നാണ് സംശയം.