കോട്ടയം: ഏറെ ശ്രദ്ധനേടിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞതോടെ കണക്ക് കൂട്ടലിലും വിലയിരുത്തലുകളിലുമാണ് മുന്നണികളെല്ലാം. അവകാശവാദവും ആരോപണങ്ങളും ഒക്കെയായി സ്ഥാനാര്ഥികളും നേതാക്കളും രംഗത്തുണ്ട്.
തങ്ങളുടെ സ്ഥാനാര്ഥി ചാണ്ടി ഉമ്മന് 30,000 മുതല് 40,000വരെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് പങ്കുവയ്ക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിലായാലും ജെയ്ക്. സി. തോമസ് ജയിക്കുമെന്നാണ് എല്.ഡി.എഫിന്റെ കണക്ക് കൂട്ടല്. നില മെച്ചപ്പെടുത്തുമെന്ന് എന്.ഡി.എയും കരുതുന്നു.
നേരത്തെ, വോട്ട് രേഖപ്പെടുത്താന് സാധിക്കാതെ വോട്ടര്മാര് തിരികെ പോകുന്ന അവസ്ഥ പുതുപ്പള്ളിയിലുണ്ടായെന്നും വോട്ടുചെയ്യുന്നതില് നിന്നും ചിലരെ തടയാന് സംഘടിത നീക്കം നടന്നോ എന്ന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മന് ആരോപിച്ചിരുന്നു. എന്നാല് മികച്ച വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
എല്.ഡി.എഫ് സ്ഥാനാര്ഥി ജെയക് സി.തോമസും വിജയപ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് ദിനം താന് 52ല് പരം ബൂത്തുകള് സന്ദര്ശിച്ചിരുന്നു. വോട്ടര്മാരുടെ പ്രതികരണം പ്രതീക്ഷ നല്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. “പുതുപ്പപ്പള്ളിയിലെ വികസനം’ തെരഞ്ഞെടുപ്പില് ചര്ച്ചയായെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഫലം സര്ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാകുമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള് ഫലം സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്നതാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് യു.ഡി.എഫ് ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് തനിക്ക് സംശയം ഉണ്ടെന്നും വോട്ടെണ്ണുമ്പോള് അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നിര്യാണത്തെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളിയില് ഉപതെരഞ്ഞെടുപ്പുണ്ടായത്. എല്.ഡി.എഫിനായി ജെയ്ക് സി. തോമസും യു.ഡി.എഫിനായി ചാണ്ടി ഉമ്മനും എന്.ഡി.എയ്ക്കായി ലിജിന് ലാലുമാണ് പ്രധാനമായി മത്സര രംഗത്തുണ്ടായിരുന്നത്.
72.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില് 1,28,624 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 64,538 സ്ത്രീകളും 64,084 പുരുഷന്മാരും രണ്ട് ട്രാന്സ്ജെന്ഡറുമടക്കമുള്ളവരാണ് വിധിയെഴുതിയത്.
ഈ വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്. പുതുപ്പള്ളിയിലെ “പുതിയ മുഖത്തെ’ അന്നറിയാം. അതുവരെ കൂട്ടിക്കിഴിക്കലുകളും അവകാശവാദങ്ങളും എല്ലാപക്ഷവും തുടരുകതന്നെ ചെയ്യും.