ഒൻപത് അധ്യാപകർ; ഈ കുടുംബം ഒരു വിദ്യാലയം

Share our post

കണ്ണൂർ: അച്ഛനും അമ്മയും വിരമിച്ച അധ്യാപകർ. 5 മക്കളിൽ 3 പേർ അധ്യാപകർ. മരുമക്കളിൽ 4 പേരും അധ്യാപകർ. അഞ്ചരക്കണ്ടി മുരിങ്ങേരി കൃഷ്ണ വിഹാറാണ് ഈ അധ്യാപക കുടുംബം.അഞ്ചരക്കണ്ടി മുരിങ്ങേരി യു.പി സ്കൂളിൽ നിന്നു പ്രധാനാധ്യാപകരായി വിരമിച്ചവരാണു കൃഷ്ണവിഹാറിലെ കെ.ഗംഗാധരനും (83) ഭാര്യ പി.സുകുമാരിയും (73). അധ്യാപകരാകാനായിരുന്നു 5 മക്കൾക്കും താൽപര്യം.

മൂത്തമകൻ കെ.പി.മനോജ് ചക്കരക്കല്ല് മാമ്പ സെൻട്രൽ എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനാണ്. രണ്ടാമത്തെ മകൾ കെ.പി.ഷീജ പനയത്താം പറമ്പ് എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയും മൂന്നാമത്തെ മകൻ കെ.പി.ഷജിൻ അഞ്ചരക്കണ്ടി പലേരി വെസ്റ്റ് എൽ.പി സ്കൂൾ അധ്യാപകനുമാണ്. ഏറ്റവും ഇളയമക്കളായ കെ.പി.ഷൈജുവിനും കെ.പി.സുബിനും ടിടിസിക്കു പഠിക്കുന്നതിനിടെയാണു ജോലി ലഭിച്ചത്. ഷൈജു ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും സുബിൻ കെ.എസ്ഇ.ബിയിൽ സബ് എൻജിനീയറുമാണ്.

മക്കളിൽ രണ്ടു പേരെ അധ്യാപകരാക്കാൻ സാധിക്കാത്തതിന്റെ വിഷമം മാറിയത്, മരുമക്കൾ അധ്യാപകരായതോടെയാണെന്നു കെ.ഗംഗാധരൻ പറയുന്നു. മനോജിന്റെ ഭാര്യ കെ.സനുഷ എടയന്നൂർ ഗവ. ഹൈസ്കൂൾ അധ്യാപികയാണ്. കെ.പി.ഷീജയുടെ ഭർത്താവ് ഒ.സി.മനോഹരൻ പഴശ്ശി വെസ്റ്റ് യു.പി സ്കൂളിൽ നിന്ന് അധ്യാപകനായി വിരമിച്ചു.

കെ.പി.ഷജിന്റെ ഭാര്യ എ.സുനീത ചക്കരക്കൽ മിടാവിലാട് വെസ്റ്റ് എൽപി സ്കൂളിലും കെ.പി.ഷൈജുവിന്റെ ഭാര്യ കെ.പി.സ്മിത അഞ്ചരക്കണ്ടി എൽ.പി സ്കൂളിലും അധ്യാപകരാണ്.സുബിന്റെ ഭാര്യ എൻ.കെ.അർച്ചനയെ ടി.ടി.സിക്കു ചേർക്കാനുളള ഒരുക്കത്തിലാണു കുടുംബം. ഗംഗാധരനും ഭാര്യയ്ക്കും ഒരാഗ്രഹം കൂടിയുണ്ട്: പേരക്കുട്ടികളെയും അധ്യാപകരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!