യു.പി.ഐ ഇടപാടും, കാര്‍ഡ് പേമെന്റും ; പുതിയ കാര്‍ഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ച് പേ.ടി.എം

Share our post

കാര്‍ഡ് സൗണ്ട് ബോക്‌സ് എന്ന പുതിയ ഉപകരണവുമായി പേടിഎം ഉടമകളായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലുമുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ സൗണ്ട് ബോക്‌സ് വഴി പണം സ്വീകരിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കും. ടാപ്പ് ആന്റ് പേ സംവിധാനം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ ഉപകരണത്തിലൂടെ പണം നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.

നിലവില്‍ യു.പി.ഐ പണമിടപാടുകള്‍ക്കുള്ള സൗണ്ട് ബോക്‌സുകള്‍ വ്യാപാരികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുള്ള യു.പി.ഐ പണമിടപാടുകള്‍ മാത്രമേ സാധിക്കുകയുള്ളൂ. കാര്‍ഡ് പേമെന്റ് നടത്തണം എങ്കില്‍ മറ്റൊരു പി.ഒ.എസ് മെഷീന്‍ വ്യാപാരികള്‍ക്ക് ഉപയോഗിക്കേണ്ടതായും വരുന്നു. എന്നാല്‍ പുതിയ കാര്‍ഡ് സൗണ്ട് ബോക്‌സ് വഴി യു.പി.ഐ പണമിടപാടുകള്‍ക്കൊപ്പം കാര്‍ഡ് പേമെന്റുകളും സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കാവും.

11 ഭാഷകളില്‍ പണമിടപാടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നല്‍കാന്‍ ഈ സൗണ്ട് ബോക്‌സിന് സാധിക്കും. 5000 രൂപവരെയുള്ള തുക കാര്‍ഡ് ഉപയോഗിച്ച് ഇതുവഴി സ്വീകരിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കും. 4ജി കണക്ടിവിറ്റിയുള്ള ഇന്ത്യന്‍ നിര്‍മിതമായ ഉപകരണമാണിത്. 4വാട്ട് സ്പീക്കര്‍ ആണിതില്‍. 5 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയും ഇതിനുണ്ട്.

ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകാര്‍ക്ക് വേണ്ടി നവീനതകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ പേടിഎം എന്നും മുന്നിലാണ്. അവരുടെ പെയ്മെന്റ്, ധനകാര്യ സേവന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളെന്നും പേടിഎം-ന്റെ സ്ഥാപകനും സി.ഇ.ഒ. യുമായ ശ്രീ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

പേടിഎം കാര്‍ഡ് സൗണ്ട് ബോക്സിലൂടെ അത്തരം ശ്രമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. പേടിഎം ക്യുആര്‍ കോഡ് വഴി മൊബൈല്‍ പെയ്മെന്റുകള്‍ നടത്തുന്ന അതേ ലാളിത്യത്തോടെ തന്നെ കാര്‍ഡുകളും സ്വീകരിക്കപ്പെടേണ്ടതുണ്ട് എന്ന ആവശ്യം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അതിനാലാണ് മൊബൈല്‍ പെയ്മെന്റുകള്‍ക്കും കാര്‍ഡ് പെയ്മെന്റുകള്‍ക്കും വ്യാപാരികള്‍ക്ക് ആവശ്യമായ രണ്ട് കാര്യങ്ങള്‍ ഒരുമിപ്പിക്കുന്ന ഈ കാര്‍ഡ് സൗണ്ട് ബോക്സ് ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!