ആദ്യ ചന്ദ്രദൗത്യവുമായി ജപ്പാന്‍ സ്‌പേസ് ഏജന്‍സി; സെപ്റ്റംബര്‍ ഏഴിന് വിക്ഷേപണം, നാല് മാസത്തെ യാത്ര
മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം.
ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി (ജാക്‌സ)ആദ്യമായാണ് ചന്ദ്രനില്‍ പേടകമിറക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് ജപ്പാനില്‍നിന്ന് ലാന്‍ഡിങ് ദൗത്യം വിക്ഷേപിച്ചിരുന്നുവെങ്കിലും ഒരു സ്വകാര്യ ജാപ്പനീസ് കമ്പനിയാണ് മേയില്‍ ആ വിക്ഷേപണം നടത്തിയത്. ഈ ശ്രമം പക്ഷെ പരാജയമായിരുന്നു.
സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ജാക്‌സ വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ആണ് ഭാരം. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്. തിരഞ്ഞെടുത്ത മേഖലയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം.
ചന്ദ്രനില്‍ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന ‘പിന്‍ പോയിന്റ്’ ലാന്‍ഡിങ് സാങ്കേതികവിദ്യയാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങിളും ലാന്‍ഡിങ് സാധ്യമാകുമെന്നും ജപ്പാന്‍ പറയുന്നു.
ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്‌സ പറഞ്ഞു.
ചെരിഞ്ഞ പ്രദേശത്ത് ഇറങ്ങുന്നതിനാല്‍ വ്യത്യസ്തമായ രീതിയാണ് ജാക്‌സ അവലംബിക്കുന്നത്. ടൂ സ്റ്റെപ്പ് ലാന്‍ഡിങ് മെത്തേഡ് എന്ന് ഇതിന് വിളിക്കുന്നു. പ്രധാന ലാന്‍ഡിങ് ഉപകരണമാണ് ആദ്യം നിലത്തിറങ്ങുത. ശേഷം അവ തിരിയുകയും പേടകത്തെ സ്റ്റെബിലൈസ് ചെയ്യുകയും ചെയ്യും.
റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിന് പകരം ചന്ദ്രയാന്‍ 3-നെ പോലെ വ്യത്യസ്തമായ സഞ്ചാരപഥമാണ് സ്ലിം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ചന്ദ്രയാന്‍ 40 ദിവസം കൊണ്ട് ചന്ദ്രനില്‍ എത്തിയിരുന്നുവെങ്കില്‍ സ്ലിം നാല് മാസത്തോളം സമയമെടുത്താണ് ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചെലവഴിച്ചതിന് ശേഷമാണ് പേടകം ലാന്‍ഡിങിന് ശ്രമിക്കുക.
സ്ലിമ്മിന്റെ വിജയം ചെറുപേടകങ്ങള്‍ ഉപയോഗിച്ചുള്ള ഇടക്കിടെയുള്ള ചന്ദ്രദൗത്യങ്ങള്‍ക്കും മറ്റ് ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണദൗത്യങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കുമെന്ന് ജാക്‌സ പറഞ്ഞു. രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്.
