ഓള്‍ ഇന്ത്യ പെര്‍മിറ്റ്: സമാന്തര സര്‍വീസെങ്കില്‍ തടയാം, എം.വി.ഡിക്കെതിരേ കെ.എസ്.ആര്‍.ടി.സി.

Share our post

ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള സ്വകാര്യബസുകളുടെ അനധികൃത യാത്ര തടയാത്ത മോട്ടോര്‍ വാഹനവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.ആര്‍.ടി.സി. കേന്ദ്രപെര്‍മിറ്റ് നേടിയ ബസുകള്‍ക്ക് ഏതു റൂട്ടിലും ഓടാമെന്നും അത് തടയേണ്ടതില്ലെന്നുമുള്ള അയഞ്ഞ സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ചത്.

ഗതാഗത സെക്രട്ടറികൂടിയായ കെ.എസ്.ആര്‍.ടി.സി. മേധാവി ബിജു പ്രഭാകര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യബസ് മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞത്.

എന്നാല്‍, പെര്‍മിറ്റ് വ്യവസ്ഥകളിലേക്ക് കടക്കാതെ ബസിന്റെ സാങ്കേതിക ന്യൂനതകള്‍ കണ്ടെത്തി ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. ഏത് റൂട്ടിലും ഓടാന്‍ അനുമതിയുണ്ടെന്ന സ്വകാര്യബസുകാരുടെ വാദം ശരിവെക്കുന്ന നടപടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.

എന്നാല്‍, 2004-ലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ട്രാക്റ്റ് – റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിര്‍വചനമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു. കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ഓള്‍ ഇന്ത്യാപെര്‍മിറ്റിലൂടെ ലഭിക്കുന്നത്. നികുതിയടയ്ക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്.

ഒരു ടൂര്‍ ഓപ്പറേറ്റര്‍ക്കോ, വ്യക്തിക്കോ ഒരു കൂട്ടം യാത്രികരെ നിശ്ചിതസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഇവ ഉപയോഗിക്കാം. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കാനും റൂട്ട് ബസുകള്‍ക്ക് (സ്റ്റേജ്കാര്യേജ്) മാത്രമാണ് അനുമതിയുള്ളത്. ഈ വ്യവസ്ഥ തെറ്റിച്ച് കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ ഓടിയാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മോട്ടോര്‍വാഹവകുപ്പിന്റെ സെഷന്‍ 207 പ്രകാരം ബസ് പിടിച്ചെടുക്കാമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു.

ഇന്ന് ഉന്നതതലയോഗം

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച 11-ന് യോഗം ചേരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!