മണത്തണയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിച്ച നിലയിൽ

പേരാവൂർ : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മണത്തണ നഗരേശ്വരം ക്ഷേത്രത്തിനു മുന്നിൽ ആഘോഷക്കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടതായി പരാതി. ഞായറാഴ്ച രാത്രിയാണ് കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടത്. കൊട്ടംചുരത്ത് കെട്ടിയ ബാനറും നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജയന്തി ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പി.ടി. വിശ്വൻ പേരാവൂർ പോലീസിൽ പരാതി നൽകി. മണത്തണ മലയോര ഹൈവെയിൽ പെട്രോൾ പമ്പിന് സമീപത്തെ കൊടിമരമാണ് നശിപ്പിക്കപ്പെട്ടത്. പെട്രോൾ പമ്പിൽ നിരീക്ഷണ ക്യാമറയുള്ളതിനാൽ പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.