മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞു; ഓഫിസ് തുറന്നില്ല

മട്ടന്നൂര്‍: ഉദ്ഘാടനം നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും മട്ടന്നൂരിലെ സബ് രജിസ്ട്രാര്‍ ഓഫിസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതിനാലാണ് ഓഫിസിന്റെ പ്രവര്‍ത്തനം തുടങ്ങാനാകാത്തത്. ഇരിട്ടി റോഡിലെ വാടകക്കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
തലശ്ശേരി റോഡില്‍ എക്സൈസ് ഓഫിസിന് സമീപത്തായാണ് എല്ലാ വിധസൗകര്യങ്ങളോടും കൂടി പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മെയ് 16ന് മന്ത്രി വി.എന്‍. വാസവന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്. ഫര്‍ണിച്ചറുകളും മറ്റും സ്ഥാപിക്കേണ്ടതിനാല്‍ ഒരു മാസം പഴയ കെട്ടിടത്തില്‍ തന്നെ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടനവേളയില്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നു മാസമായിട്ടും ഓഫിസ് മാറ്റിയിട്ടില്ല.
സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തിരുന്നില്ല. ജലസേചന വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ സ്ഥലത്താണ് സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിച്ചത്.
ചുറ്റുമതിലും ഗേറ്റും ഉള്‍പ്പടെയുള്ളവ നിര്‍മിച്ച ശേഷമാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷവും കെട്ടിടം നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങളും നടത്തിയിരുന്നു.
ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറിയെന്ന ധാരണയില്‍ നിരവധി പേര് ഇവിടെയെത്തി മടങ്ങുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് ഓഫിസിന് മുന്നില്‍ അറിയിപ്പ് പതിച്ചു. വാടകക്കെട്ടിടത്തില്‍ നിരവധി അസൗകര്യങ്ങള്‍ക്കിടയിലാണ് വര്‍ഷങ്ങളായി മട്ടന്നൂരിലെ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.