സെപ്റ്റിക് ടാങ്കില്‍ യുവാവിന്റെ മൃതദേഹം, സ്ഥലം ഉടമയുടെ തൂങ്ങിമരണം; കുന്നംകുളത്ത് അടിമുടി ദുരൂഹത

Share our post

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുകയാണ്.

സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അഞ്ഞൂര്‍ സ്വദേശി പ്രതീഷിന്റേതെന്നാണ് സംശയം. മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കാണാതായ പ്രതീഷാണ് മരിച്ചതെന്ന് പോലീസ് സംശയിക്കുന്നത്. ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെ നടത്തിയശേഷമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക.

അഞ്ഞൂര്‍ സ്വദേശി ശിവരാമന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് തിങ്കളാഴ്ച അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശിവരാമനെ ഇതേ പുരയിടത്തിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിനുപിന്നാലെയാണ് ശിവരാമന്റെ സുഹൃത്തായ പ്രതീഷിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്.

ശിവരാമനും പ്രതീഷും സുഹൃത്തുക്കളാണ്. അഞ്ഞൂരിലെ വലിയ പറമ്പില്‍ പണികഴിപ്പിച്ച ചെറിയവീട്ടിലാണ് ശിവരാമന്‍ താമസിക്കുന്നത്. പ്രതീഷ് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടെന്നുമാണ് വിവരം. എന്നാല്‍, ജൂലായ് 17 മുതല്‍ പ്രതീഷിനെ കാണാതായി. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ ഒന്നാംതീയതിയാണ് വടക്കേക്കാട് പോലീസില്‍ പരാതി ലഭിച്ചത്.

ഓണത്തിന് മടങ്ങിവരാമെന്ന് പറഞ്ഞാണ് പ്രതീഷ് വീട്ടില്‍ നിന്ന് പോയതെന്നും ഓണം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെയാണ് പരാതി നല്‍കിയതെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടെ, ഓഗസ്റ്റ് 25-ന് ശിവരാമനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ശിവരാമന്‍ മരിച്ച് മൂന്നുദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.

പ്രതീഷിനായുള്ള അന്വേഷണത്തിനിടെ മറ്റൊരു സുഹൃത്ത് ശിവരാമന്റെ വീട്ടിലെത്തിയപ്പോളാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെന്നും പോലീസിനെ അറിയിച്ചെന്നുമാണ് വിവരം. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന സംശയമുണ്ടായത്.

പ്രതീഷ് മൂന്ന് ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ഒരുചെവി അറ്റുപോയതായിരുന്നു. സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്ത മൃതദേഹത്തിലും ഒരുചെവിയുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!