സൂക്ഷിക്കണം: യു.പി.ഐ ഇടപാടുകൾ കുരുക്കിലാക്കാം

Share our post

കോഴിക്കോട്‌ : യു.പി ഐ ഇടപാട്‌ വഴി അപരിചിതരിൽനിന്ന്‌ പണം വാങ്ങിയാൽ പണി കിട്ടുമോ? സൈബർ പൊലീസിൽ ദിനംപ്രതിയെത്തുന്ന പരാതികൾ ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഇടപാടുകാരൻ അറിഞ്ഞില്ലെങ്കിലും മറ്റാരെങ്കിലും തട്ടിപ്പുവഴി സമ്പാദിച്ച പണമാണ്‌ അക്കൗണ്ടിലെത്തുന്നതെങ്കിൽ പണി പാളും. ദേശീയ സൈബർ ക്രൈം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യപ്പെടുന്ന പരാതിയിൽ ബന്ധപ്പെട്ട ബാങ്കുകളാണ്‌ നടപടി സ്വീകരിക്കുക. കേസ്‌ തീർപ്പാകാത്തിടത്തോളം കാലം ഈ തുക ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടില്ല.

അടുത്തിടെ വിദേശത്തുള്ള യുവാവ്‌ നാട്ടിലുള്ള സുഹൃത്തിനോട്‌ 50,000 രൂപ ഭാര്യയുടെ ഗൂഗിൾ പേ നമ്പറിൽ അയയ്‌ക്കാൻ ആവശ്യപ്പെട്ടു. പണമയച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും തുക അക്കൗണ്ടിൽ എത്തിയില്ല. അന്വേഷിച്ചപ്പോഴാണ്‌ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ തുക തടഞ്ഞുവച്ചതായി അറിഞ്ഞത്‌. വെസ്‌റ്റ്‌ഹില്ലിൽ പ്ലംബിങ് ജോലിക്ക്‌ കൂലിയായി ലഭിച്ച പണമാണ്‌ തടഞ്ഞുവച്ചത്‌. അനധികൃത ഇടപാടിലൂടെ വിനിമയം ചെയ്യപ്പെട്ട പണമാണ്‌ ഇവരുടെ അക്കൗണ്ടിൽ എത്തിയതെന്നാണ്‌ ബാങ്ക്‌ അധികൃതർ നൽകുന്ന വിശദീകരണം. ആരാണ്‌ കള്ളപ്പണ ഇടപാട്‌ നടത്തിയതെന്ന്‌ കണ്ടെത്തണമെങ്കിൽ അന്വേഷണം പൂർത്തിയാകണം.

ക്രിപ്‌റ്റോ കറൻസി രൂപയാക്കി മാറ്റുന്നിടത്താണ്‌ തട്ടിപ്പിന്റെ തുടക്കം. മറ്റുള്ളവരുടെ പേരിൽ തുടങ്ങുന്ന വ്യാജ അക്കൗണ്ടുകൾവഴിയാണ്‌ പലപ്പോഴും പണം കൈമാറ്റം. അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്‌തും ഇതു ചെയ്യാം. തട്ടിപ്പിനിരയാകുന്നവർ പരാതിയുമായി വരുമ്പോഴാണ്‌ ബാങ്കുകൾ നിയമ നടപടിയിലേക്ക്‌ കടക്കുക. പലപ്പോഴും തട്ടിപ്പ്‌ നടത്തുന്ന അക്കൗണ്ട്‌ വ്യാജമായിരിക്കും. അന്വേഷണം യാഥാർഥ തട്ടിപ്പുകാരിലേക്ക്‌ എത്താറില്ല. ഇത്‌ മറികടക്കാനാണ്‌ തുക വിനിമയം ചെയ്യപ്പെട്ട മുഴുവൻ അക്കൗണ്ടുകളിലെയും ഇടപാടുകൾ മരവിപ്പിക്കുന്നത്‌. പലപ്പോഴും തട്ടിപ്പ്‌ നടക്കുന്നത്‌ കേരളത്തിന്‌ പുറത്താകും. അവിടത്തെ പൊലീസിൽ രജിസ്‌റ്റർചെയ്യപ്പെടുന്ന കേസുകളിൽ പരാതിക്കാരനെ കണ്ടെത്തുകപോലും എളുപ്പമല്ല. ഫലത്തിൽ അന്വേഷണം പൂർത്തിയായി പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വിരളമാണ്‌.

തട്ടിപ്പ്‌ തടയൽ വലിയ വെല്ലുവിളി

നിരവധി സാധാരണക്കാരാണ്‌ ഇത്തരം ഇടപാടിൽ കുടുങ്ങുന്നത്‌. യു.പി.ഐ ഇടപാട്‌ വഴി അറിയാത്ത ആളുകളിൽനിന്നും പണം സ്വീകരിക്കാതിരിക്കുകയാണ്‌ പോംവഴി. പക്ഷേ, വ്യാപാരികൾക്കും ബിസിനസുകാർക്കും ഇത്‌ പ്രായോഗികമല്ല. നേരത്തെ ബാങ്ക്‌ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കുകയായിരുന്നു രീതി. ഇപ്പോൾ പ്രസ്‌തുത ഇടപാടുമാത്രമാണ്‌ തടയുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!