സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി.ടി.എ; കതിരൂർ ജി.വി.എച്ച്‌.എസ്‌.എസ്‌ പുരസ്‌കാരത്തിളക്കത്തിൽ

Share our post

തലശേരി : സംസ്ഥാനത്തെ മികച്ച പി.ടി.എ.ക്കുള്ള പുരസ്‌കാരപ്പെരുമയിൽ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടമാണ്‌ കൈവരിച്ചത്‌. നാല്‌ ലക്ഷം രൂപയാണ്‌ അവാർഡ്‌ തുക. 2022–23 വർഷം അധ്യാപക-രക്ഷാകർതൃ സമിതി നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനമാണ്‌ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌.

ജില്ലതലത്തിൽ ബെസ്‌റ്റ്‌ പി.ടി.എ അവാർഡും കതിരൂരിനായിരുന്നു. സ്‌കൂൾ ശതാബ്ദിയോടനുബന്ധിച്ച് ഗാന്ധിജി രക്തസാക്ഷിദിനത്തിൽ 2091 വിദ്യാർഥികൾ ഒരേസമയം ഗാന്ധിജിയുടെ മുഖംവരച്ചും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തും ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.

രണ്ട്‌ നിർധന വിദ്യാർഥികൾക്ക് പി.ടി.എ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലും സ്‌കൂളിന്റെ മികവ്‌ അടയാളപ്പെടുത്തി.

കോവിഡ്‌ അടച്ചിടൽ കാലത്തെ പ്രവർത്തനമാണ്‌ ഷോയിൽ അവതരിപ്പിച്ചത്‌. പി. കെ. പാർഥിവ്‌ റിയാലിറ്റി ഷോയിലെ ബെസ്‌റ്റ്‌ പെർഫോമറായും തെരഞ്ഞെടുക്കപ്പെട്ടു. സമ്പൂർണ ഡിജിറ്റൽ വിദ്യാലയം, പൊൻമീൻ -മത്സ്യകൃഷി, ഫലവൃക്ഷത്തോട്ടം, നീന്തൽ, ഫുട്ബോൾ, കളരി, കരാത്തെ, സൈക്കിൾ പരിശീലനം, ഓപ്പൺ ജിം, അക്ഷരക്കതിർ പദ്ധതി, സബ്ജക്റ്റ് ക്ലിനിക്ക്‌, പുതുമ പഠനപദ്ധതി, ഔഷധത്തോട്ടം നിർമാണം തുടങ്ങി വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു.

ശ്രീജേഷ് പടന്നക്കണ്ടിയാണ്‌ പി.ടി.എ പ്രസിഡന്റ്‌. പ്രിൻസിപ്പൽ ഡോ. എസ് അനിത, പ്രകാശൻ കർത്ത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്, പ്രഥമാധ്യാപകൻ എ. പ്രശാന്ത്, എ. കെ. ൻ .പ്രജോഷ്  എന്നിവരുടെ മാർഗനിർദേശവും പി.ടി.എയുടെ പ്രവർത്തനത്തിന്‌ ദിശാബോധം പകർന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!