കാശ് കൊടുത്ത് പരസ്യം ഒഴിവാക്കാം- ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പെയ്ഡ് വേര്‍ഷന്‍ വരുന്നു

Share our post

ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പെയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുവഴി പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

യൂറോപ്യന്‍ യൂണിയനിലാണ് പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള സൗകര്യം അവതരിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നത്. പക്ഷെ, ഈ പദ്ധതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പണം നല്‍കുന്നവര്‍ക്ക് ആപ്പുകളില്‍ പരസ്യം കാണില്ല. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്ന യൂറോപ്യന്‍യൂണിയന്റെ നടപടികളെ നേരിടാനുള്ള നീക്കങ്ങളുടെ കൂടി ഭാഗമായാണ് പരസ്യങ്ങളില്ലാത്ത സേവനം അവതരിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നതെന്ന് സൂചനയുണ്ട്.

പെയ്ഡ് വേര്‍ഷനുകള്‍ക്കൊപ്പം ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റെയും ഇപ്പോള്‍ ലഭ്യമാകുന്ന സൗജന്യ പതിപ്പുകളും മെറ്റ തുടരും. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളുടെ പെയ്ഡ് പതിപ്പുകള്‍ക്ക് എന്ത് ചെലവ് വരുമെന്നോ ഇത് എന്ന് അവതരിപ്പിക്കുമെന്നോ വ്യക്തമല്ല.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സൗജന്യസേവനമാണ് ഇന്‍സ്റ്റാഗ്രാമും ഫെയ്സ്ബുക്കും നല്‍കിവരുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍ക്കുന്ന പരസ്യങ്ങളിലൂടെയാണ് കമ്പനിയുടെ മുഖ്യ വരുമാനം. വ്യക്തിവിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ടാര്‍ഗറ്റഡ് ആഡുകള്‍ വളരെ ശക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തിയ കമ്പനിയാണ് ഫെയ്സ്ബുക്ക്.

എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ വിവര ശേഖരണത്തിനും അത് പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ വിവിധ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നത്. യൂറോപ്പിലെ ജിഡിപിആര്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ശക്തമായ സംരക്ഷണമാണ് നല്‍കുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യ ഉറപ്പുവരുത്തേണ്ടത് ഈ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതയായി മാറുന്നു. സൗജന്യ സേവനം നല്‍കുന്നതിന് ഉപഭോക്താക്കളില്‍ നിന്നുള്ള ഡാറ്റയാണ് കമ്പനി ഇത്രനാളും പ്രതിഫലമായി വാങ്ങിയിരുന്നത്. ഇതിന് പകരമായാണ് മറ്റ് പല പ്ലാറ്റ്‌ഫോമുകളേയും അനുകരിച്ചുള്ള പെയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ കമ്പനി നീങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!