കണ്ണൂർ ജില്ലയിലെ പോലീസുകാർക്ക് നഷ്ടമായത് മൂന്ന് കോടി രൂപ; എന്നിട്ടും അന്വേഷണമില്ല, എന്തുകൊണ്ട്?

Share our post

കണ്ണൂർ : കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. മണിചെയിൻ മാതൃകയിലുള്ള നിക്ഷേപപദ്ധതിയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസുകാരടക്കം ആയിരക്കണക്കിനാളുകളുടെ കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ ജില്ലയിലെ പൊലീസുകാരുടെ മാത്രം 3 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണു വിവരം. പരാതിയോ കേസോ ഇല്ലാത്തതിനാൽ അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് ജില്ലാ പൊലീസ് ആസ്ഥാനം. മാത്രമല്ല, കാനഡ ആസ്ഥാനമാക്കിയുള്ള കമ്പനിക്കെതിരെ അന്വേഷണം നടത്തിയിട്ടു കാര്യമില്ലെന്നും പൊലീസ് കരുതുന്നു. എന്നാൽ, പൊലീസുകാരടക്കം തട്ടിപ്പിനിരയായ സംഭവത്തിൽ അന്വേഷണം നടത്താതിരിക്കുന്നതിനെ പൊലീസുകാർ തന്നെ ചോദ്യംചെയ്യുന്നു.

പരാതിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ക്വിക് റെസ്പോൺസ് ടീമിലുള്ളവരടക്കം തട്ടിപ്പിൽപെട്ടതു ഗൗരവത്തോടെ കാണണമെന്നും ചില പൊലീസുകാർ പറയുന്നു. ഇത്തരം തട്ടിപ്പുകളെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ചുമതലപ്പെട്ടവർതന്നെ തട്ടിപ്പിൽപെട്ടതു തള്ളിക്കളയാനാകില്ലെന്നാണ് അവരുടെ വാദം. കണ്ണൂർ സായുധസേനാ ക്യാംപിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. പൊലീസുകാരെ ഇത്ര വ്യാപകമായി തട്ടിപ്പിലേക്കു നയിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം.

പരാതിയില്ലാത്തത് എന്തുകൊണ്ട്?

സി.പി.എം അനുകൂല കേരള പൊലീസ് അസോസിയേഷനിലെ ചില രണ്ടാം നിര നേതാക്കളടക്കം മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിലെ ഇടനിലക്കാരായിരുന്നെന്നും അന്വേഷണം തീരെ നടക്കാത്തതിനു കാരണമിതാണെന്നും ആരോപണമുണ്ട്. അതേസമയം, അസോസിയേഷന്റെ ജില്ലാ, സംസ്ഥാന ഭാരവാഹികൾ അന്വേഷണം വേണമെന്ന നിലപാടിലാണ്.

15 ലക്ഷം രൂപ വരെ ഒറ്റയടിക്കു നിക്ഷേപിച്ച പൊലീസുകാരുണ്ട്. ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടിട്ടും പരാതി നൽകാതിരിക്കുന്നത്, പണത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ഭയന്നാകാമെന്നും ആരോപണമുണ്ട്. നിക്ഷേപം നടത്തുന്നത്, ചില പൊലീസുകാരുടെ അനധികൃത വരുമാനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും ചില ഉദ്യോഗസ്ഥർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!