ചില്ലില്‍ പൊട്ടല്‍, ടയര്‍ തേയ്മാനം; ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസിനെ കുടുക്കാന്‍ എം.വി.ഡിയുടെ കുറുക്കുവഴി

Share our post

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ്. കോയമ്പത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരേ നടപടിയെടുക്കാന്‍ ഉന്നതലസമ്മര്‍ദം മോട്ടോര്‍വാഹനവകുപ്പിനുണ്ട്.

പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്പേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കി. മുന്‍വശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കി. തത്കാലം ബസിന്റെ യാത്ര തടഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ ഒട്ടേറെ സ്വകാര്യബസ്സുടമകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!