അമിതവേഗം ചോദ്യം ചെയ്തതിന് മർദനം: രണ്ട് പേർ അറസ്റ്റിൽ
ചെറുപുഴ : അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത ദലിത് ദമ്പതികൾ ഉൾപ്പെടെയുള്ള 3 പേരെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായി. താന്നിച്ചാൽ സ്വദേശികളായ പി.എൻ.സന്തോഷ്, ബന്ധു അഖിൽ എന്നിവരെയാണു പയ്യന്നൂർ ഡി.വൈ.എസ്.പി: കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളും കേസിൽ പ്രതിയാണ്.
തിരുവോണ ദിവസം വൈകിട്ടാണു തിരുമേനി താന്നിച്ചാലിലെ എഴുത്തുംവീട്ടിൽ കുഞ്ഞിരാമൻ (70), ഭാര്യ ശാന്ത (65), അയൽവാസിയായ നിരാനിപൊയ്കയിൽ സുധാകരൻ (64) എന്നിവർക്ക് മർദനമേറ്റത്. അഖിൽ കാർ അമിത വേഗത്തിൽ ഓടിച്ചതിനെ തുടർന്നു റോഡിൽ നിന്നു കല്ല് സമീപത്തെ വീട്ടിലേക്ക് തെറിച്ചതു ചോദ്യം ചെയ്തതിനെ തുടർന്ന് മർദിച്ചെന്നാണു പരാതി. ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചതായും പരാതിയുണ്ട്.
എസ്.സി- എസ്ടി നിയമ പ്രകാരം ചെറുപുഴ പൊലീസാണു ആദ്യം കേസെടുത്തത്. ദലിതർക്ക് നേരെയുള്ള അക്രമമായതിനാൽ ചെറുപുഴ പൊലീസ് കേസ് പയ്യന്നൂർ ഡി.വൈ.എസ്.പിക്ക് കൈമാറി.
