എസ്.ഡി.പി.ഐയ്ക്ക് പുതിയ യുവജന സംഘടന; മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കും

കോഴിക്കോട്: എസ്.ഡി.പി.ഐയ്ക്ക് പുതിയ യുവജന സംഘടന വരുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടനയില്‍ അംഗത്വം നല്‍കും. എസ്.ഡി.പി.ഐ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
പി.എഫ്.ഐയുടെ രാഷ്ട്രീയ സംഘടനയാണ് എസ്.ഡി.പി.ഐ. ഇതിനു കീഴില്‍ നിലവില്‍ വുമണ്‍ ഇന്ത്യ മൂവ്മന്റ് (ഡബ്ല്യു. ഐ. എം) എന്ന വനിതാ സംഘടനയും സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി.യു) എന്ന തൊഴിലാളി സംഘടനയുമാണ് ഉള്ളത്. ഇതിനു പുറമേ പുതിയ യുവജന സംഘടന രൂപവത്കരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പി.എഫ്.ഐയുടെ പഴയ പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടനയില്‍ അംഗത്വം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐ നേതാക്കളെ പുതിയ സംഘടനയുടെ നേതൃനിരയിലേക്ക് തല്‍ക്കാലം കൊണ്ടുവരേണ്ട എന്നാണ് തീരുമാനം.
പുതിയ സംഘടന പോപ്പുലര്‍ ഫ്രണ്ടിന് പകരമല്ല എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. യുവജന സംഘടന രൂപവത്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാനും സാധ്യതകള്‍ അവലോകനം ചെയ്യാനും തീരുമാനം ഉണ്ടായിട്ടുണ്ടെന്നും അഷ്‌റഫ് മൗലവി വ്യക്തമാക്കി. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരുന്നതാണെന്നും അദ്ദേഹം പറയുന്നു.