വിളക്കോട് കുന്നത്തൂര്‍ – കുന്നുമ്മല്‍ റോഡ് ഗതാഗത യോഗ്യമാക്കി

Share our post

വിളക്കോട്: ജനകീയ പങ്കാളിത്തത്തോടെ എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ കുന്നത്തൂര്‍ – കുന്നുമ്മല്‍ റോഡ് ഗതാഗതയോഗ്യമാക്കി. 25ഓളം കുടുബങ്ങള്‍ ആശ്രയിക്കുന്ന റോഡ് മുഴുവനായും ടാറിട്ട് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് ആധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. 25 വർഷത്തോളം പഴക്കമുളള ഈ റോഡ് ഇതുവരെ മുഴുവനായും ടാര്‍ ചെയ്തിട്ടില്ല. റോഡ് കുണ്ടും കുഴിയുമായതിനാല്‍ ടാക്സി സര്‍വ്വീസ് പോലും നടത്തുന്നില്ല. വൃദ്ധരും, വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ പോകാത്തതിനാല്‍ അസുഖം ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് താല്‍കാലിക പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് എസ്.ഡി.പി.ഐ നാട്ടുകാരുടെ സഹകരണത്തോടെ റോഡ് സഞ്ചാരയോഗ്യമാക്കിയത്. റോഡ് താല്‍കാലികമായി ഗതാഗതയോഗ്യമായെങ്കിലും റോഡ് മുഴുവന്‍ ടാര്‍ ചെയ്ത് ജനങ്ങളുടെ ആവശ്യം നിറവേറ്റി ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എ.പി മുഹമ്മദ്, ബ്രാഞ്ച് പ്രസിഡന്‍റ് കെ. ഹംസ, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി, ബ്രാഞ്ച് സെക്രട്ടറി കെ. ഷമീര്‍, വൈസ് പ്രസിഡന്‍റ് ടി.എന്‍. നിയാസ്, പ്രവര്‍ത്തകരായ പി. ഫൈസല്‍, പി. റയീസ്, സവാദ്, നാട്ടുകാരായ റഷീദ് കുന്നത്തൂര്‍, ഷഫീഖ്, എം. തന്‍സീര്‍, റഷീദ് തുടങ്ങിയവര്‍ പ്രവര്‍ത്തനത്തനത്തിന് നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!