Connect with us

Kerala

വീണ്ടും പൂത്തുലഞ്ഞ് ഇന്ത്യന്‍ വിനോദസഞ്ചാരം; വിദേശ സഞ്ചാരികളുടെ വര്‍ധനവ് 106 ശതമാനം

Published

on

Share our post

കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം വിദേശവിനോദസഞ്ചാരികള്‍. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ വര്‍ധന. വിനോദസഞ്ചാരം വഴിയുള്ള വിദേശവരുമാനവും കൂടി.

ഇക്കൊല്ലം ആഭ്യന്തരടൂറിസം മേഖലയ്ക്കും കൊയ്ത്തുകാലമാണ്. 2021-ല്‍ ഇന്ത്യയിലെ ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണം 67.7 കോടി ആയിരുന്നെങ്കില്‍ ഇക്കൊല്ലം അത് 173.1 കോടി ആയി.

സഞ്ചാരികളുടെ പറുദീസയായ ജമ്മു കശ്മീരാണ് ടൂറിസംമേഖലയില്‍ പ്രധാനനേട്ടമുണ്ടാക്കിയത്. സീസണുകള്‍ വ്യത്യാസമില്ലാതെ കശ്മീരില്‍ ഈ വര്‍ഷം സഞ്ചാരികളുടെ പ്രവാഹമാണ്. സമീപകാലത്ത് സഞ്ചാരികള്‍ക്കായി തന്ത്രപ്രധാന പ്രദേശങ്ങള്‍ കൂടി തുറന്നുകൊടുത്തതോടെ ഇത് വീണ്ടും വര്‍ധിച്ചു.

വാരാണസിയില്‍ കാശി വിശ്വനാഥ് ഇടനാഴി നിര്‍മിച്ചതും ഇന്ത്യന്‍ ടൂറിസത്തെ വിജയക്കുതിപ്പിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി കണക്കുകളില്‍ പറയുന്നു.

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥ് ഇടനാഴി. 2021 ലാണ് ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം 10 കോടി ഭക്തര്‍ അമ്പലം സന്ദര്‍ശിച്ചെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.


Share our post

Kerala

ഇനിമുതല്‍ പൗരത്വരേഖകളായി ആധാര്‍, പാന്‍, റേഷന്‍കാര്‍ഡുകള്‍ മാത്രം പോര

Published

on

Share our post

ആധാര്‍, പാന്‍, റേഷന്‍കാര്‍ഡ് എന്നിവ പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല എന്ന് സര്‍ക്കാര്‍. ഈ രേഖകളൊക്കെ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ പൗരത്വത്തിന് കൃത്യമായ തെളിവായി നിലകൊളളുന്നില്ല. ഈ ആവശ്യത്തിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ്.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായും താമസ രേഖയായും കണക്കാക്കുന്നുണ്ട്. പക്ഷേ പൗരത്വ രേഖയായി കണക്കാക്കുന്നില്ല. പാന്‍, റേഷന്‍ കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. റേഷന്‍ കാര്‍ഡുകള്‍ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു. ഇവയും പൗരത്വത്തിനുള്ള രേഖയായി സ്ഥിരീകരിക്കുന്നില്ല.

നിലവില്‍ ഇന്ത്യന്‍ പൗരത്വം സൂചിപ്പിക്കുന്ന അടിസ്ഥാന രേഖകളായി സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ രേഖകളും കണക്കാക്കുന്നു. 1969 ലെ ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിയമം അനുസരിച്ച് യോഗ്യതയുള്ള അധികാരികള്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനന അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ്.


Share our post
Continue Reading

Kerala

മന്ത്രിസഭായോഗ തീരുമാനങ്ങൾ

Published

on

Share our post

ദേശീയപാതാ പദ്ധതികൾ : ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കും

ഭാവിയിൽ ദേശീയ പാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിൻ്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളിൽ കൂടി സംസ്ഥാനത്തിൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

അയോഗ്യത ഒഴിവാക്കും

ആഭ്യന്തരം, വനം – വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിൻ്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കും, അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകി

ഡീസിൽറ്റേഷൻ പ്രവൃത്തിക്ക് അനുമതി

മൂലമറ്റം പവർ ഹൗസിൻ്റെ താഴ് ഭാഗത്ത് തൊടുപുഴ നദിയിൽ 8 കിലോമീറ്റർ ദൈർഘ്യത്തിൽ മലങ്കര ഡാം വരെ ഡീസിൽറ്റേഷൻ പ്രവൃത്തിക്ക് അനുമതി നൽകും.

തസ്തിക

പിണറായി ഗവൺമെന്റ്റ് ആയുർവേദ ഡിസ്പെൻസറി 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തും. ചീഫ് മെഡിക്കൽ ഓഫീസർ, നഴ്സ് ഗ്രേഡ്‌-11, ക്ലാർക്ക് , ആയുർവേദ തെറാപിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് -11 എന്നീ തസ്തികകൾ സൃഷ്ടിക്കും. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്സ്, ആയുർവേദ തെറാപ്പിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ നിയമന വ്യവസ്ഥയിൽ നിയമനം നടത്തും. കുക്ക്, സാനിറ്റേഷൻ വർക്കർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം.

മലബാർ കാൻസർ സെൻ്ററിന് കീഴിലുള്ള സ്വാശ്രയ നഴ്സിംഗ് കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ 23 തസ്തികകൾ സൃഷ്ടിക്കും. നിലവിലുള്ള രണ്ട് ലക്‌ചറർ തസ്തികകളുടെ അപ്ഗ്രഡേഷൻ ഉൾപ്പെടെയാണിത്.

ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജനറൽ മാനേജർ തസ്തിക പുനരുജ്ജീവിപ്പിക്കും.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ടെക്നിക്കൽ എക്സ്പേർട്ട് (റയിൽവേ), മാനേജർ (പ്രോജക്ട്സ്), അസിസ്റ്റൻ്റ് മാനേജർ (പ്രോജക്ട്സ്), കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് എന്നീ 4 തസ്തികകൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.

ശമ്പള പരിഷ്കരണം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യം കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ജീവനക്കാർക്ക് അനുവദിക്കും.

കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷനിലെ സർക്കാർ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സ്കെയിൽ, അലവൻസുകൾ എന്നിവ പരിഷ്‌കരിക്കും.

കേരള ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ (KSIE) യൂണിറ്റായ കൊച്ചിൻ ഇൻ്റർനാഷണൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതാമത്തേയും പത്താമത്തേയും ശമ്പള പരിഷ്‌കരണങ്ങൾ അനുവദിക്കും.

ബസ് ലഭ്യമാക്കും

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിന് ബസ് ലഭ്യമാക്കും.

വാഹനം വാങ്ങുന്നതിന് അനുമതി

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാര്യാലയത്തിന്റെയും ആശുപത്രി വികസന സമിതിയുടെയും സുഗമമായ പ്രവർത്തനത്തിനായി, സർക്കാർ ഫണ്ട് വിനിയോഗിക്കാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കു വിധേയമായി കോളേജിൻ്റെ എച്ച്.‌ഡി.എസ് ഫണ്ടിൽ നിന്നും പരമാവധി 18 ലക്ഷം രൂപ ചെലവഴിച്ച് GEM പോർട്ടൽ മുഖേന ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങുന്നതിന് അനുമതി നൽകി.

രജിസ്ട്രേഷൻ ഫീസ്, മുദ്രവില എന്നിവയിൽ ഇളവ്

തലശ്ശേരി കേന്ദ്രീയ വിദ്യാലയ നിർമ്മാണത്തിനായി സർക്കാർ പാട്ടത്തിന് അനുവദിച്ച വസ്തുവിൻ്റെ പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ രജിസ്ട്രേഷൻ ഫീസ്, മുദ്രവില എന്നിവയിൽ ഇളവ് നൽകും.

ജുഡീഷ്യൽ മെമ്പർ

കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൽ (K-REAT) ജുഡീഷ്യൽ മെമ്പറായി പി.ജെ.വിൻസന്റിനെ തിരഞ്ഞെടുത്തു.

പാട്ടത്തിന് നൽകും

തിരുവനന്തപുരം ജില്ലയിൽ, തിരുവല്ലം വില്ലേജിൽ 06.95 ഏക്കർ ഭൂമി നിർമ്മിതി കേന്ദ്രത്തിന് ഹൗസിംഗ് പാർക്ക് നിർമ്മാണത്തിനായി 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. പദ്ധതി പ്രവർത്തികമാകും വരെ പ്രതിവർഷം സൗജന്യ നിരക്കായ ഒരു ആറിന് നൂറ് രൂപ നിരക്കിലാണ് പാട്ടത്തിന് നൽകുക. ശേഷം ഉചിതമായ നിരക്കിൽ പാട്ടത്തിന് നൽകാമെന്നാണ് വ്യവസ്ഥ.

ടെണ്ടർ അംഗീകരിച്ചു

Jal Jeevan Mission (JJM) – Vengola, Rayamangalam Panchayath including Construction of 3LL Sump at Karippelippady in Rayamangalam Panchayath 2024-2025″ എന്ന പ്രവർത്തിയ്ക്ക് 1,07,48,739.77/- രൂപയുടെ ടെണ്ടർ അനുവദിക്കും.

‘Construction of 15 LL OHSR near old Ayurveda Hospital Manjummal, Eloor Municipality, Laying 300mm DI K9 pipes and Allied works – General Civil Work’ എന്ന പ്രവൃത്തിക്കുള്ള 6,23,16,420/- രൂപയുടെ ടെൻഡർ അനുവദിച്ചു.

ഇടുക്കി ജില്ലയിലെ “IDK- Sabarimala Festival work 2023-24-Improvemnts and Providing 40mm chipping carpet to Moolamattom Kottamala road ch 8/100 to13/100 & Providing BM&BC to Asokakavala -Moolamattom road km 0/000 to 2/500-Muttom Section -General Civil Work” എന്ന പ്രവൃത്തിയ്ക്ക് Rs. 6,85,59,740/- രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Augmentation of WSS to Angamaly Constituency Part 1 Package III Laying of CWPM and construction of OHSRs എന്ന പ്രവർത്തി-യ്ക്കുള്ള 16,72,05,550.30/- രൂപയുടെ ടെണ്ടർ അനുവദിച്ചു.

JJM WSS to Ala, Puliyoor, Budhanoor, Pandanad, Mulakkuzha, Venmony Panchayaths and Chengannur Municipality Cheriyanad Panchayath – Supplying and Laying Clear Water Gravity main from OHSR (R6) at Pennukkara to OHSR (R11) at Thuruthimel 250mm DI K9 – 3600m) & construction of 3.65LL capacity OHSR (R11) at Thuruthimel – Pipeline work” എന്ന പ്രവൃത്തിയ്ക്ക് 5,14,00,000/- രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

അക്കാമ്മ ചെറിയാൻ പേരിൽ സാംസ്കാരിക സമുച്ചയത്തിന് ഭൂമി

അക്കാമ്മ ചെറിയാൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിന് ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് 4 ഏക്കർ ഭൂമി അനുവദിക്കും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിബന്ധനകളോടെ സാംസ്കാരിക വകുപ്പിന് കൈമാറും. പീരുമേട് വില്ലേജിൽ ഉൾപ്പെട്ട 4.31 ഏക്കർ സ്ഥലം സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകി നേരത്തെ ഉത്തരവായിരുന്നെങ്കിലും, സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഉത്തരവ് റദ്ദ് ചെയ്താണ് പുതിയ സ്ഥലം അനുവദിച്ചത്.

തിരിച്ചുനൽകും

കറുപ്പുംപടി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിനു വേണ്ടി ഒടുക്കിയ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ചേർത്ത് 21,17,305/- രൂപ പ്രത്യേക കേസായി പരിഗണിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് തിരിച്ചുനൽകും.


Share our post
Continue Reading

Kerala

പേവിഷബാധ; മുറിവേറ്റാൽ നന്നായി കഴുകണം, പരമാവധി വേ​ഗത്തിൽ വാക്സിൻ

Published

on

Share our post

പെരുവള്ളൂരിൽ പേവിഷബാധ മൂലം പെൺകുട്ടി മരിച്ച സാഹചര്യത്തിൽ ഈ ഭയാനകമായ രോഗത്തെക്കുറിച്ച് കൂടുതൽ ജാഗ്രതയുണ്ടാവേണ്ടതുണ്ട്. രോഗബാധിതരായാൽ രക്ഷപ്പെടാൻ സാധ്യതയില്ലാത്ത വൈറസ് ബാധയാണിത്. അതുകൊണ്ടുതന്നെ തെരുവുനായ്‌ക്കളുമായും വളർത്തുമൃഗങ്ങളുമായും ഇടപെടുമ്പോൾ ഏറെ കരുതൽവേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.

 പേയുടെ ചരിത്രം…

അരിസ്റ്റോട്ടിലിനെപ്പോലുള്ളവർ ഈ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളതിനാൽ അക്കാലത്തുതന്നെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.

പണ്ടുള്ളവർ പേപ്പട്ടികടിച്ചാൽ മുറിവിൽ ഇരുമ്പുപഴുപ്പിച്ച് വെച്ചാണ് ചികിത്സിച്ചിരുന്നത്. ഇതുമൂലം മുറിവുപഴുത്തും പലരും മരിച്ചിട്ടുണ്ട്.

ഇന്നും ലോകത്ത് ഓരോവർഷവും 55,000 പേർ പേവിഷബാധമൂലം മരിക്കുന്നതായാണ് കണക്ക്.

 രോഗം പകരുന്നത്…

നമ്മുടെ നാട്ടിൽ തെരുവുനായ്‌ക്കളാണ് പ്രധാന രോഗവാഹകരെങ്കിലും വിദേശങ്ങളിൽ വവ്വാലുകളും രോഗംപരത്തുന്നുണ്ട്. രോഗംബാധിച്ച ജീവികൾ കടിച്ചാലും മാന്തിയാലും മുറിവുള്ളയിടങ്ങളിൽ നക്കിയാൽപ്പോലും രോഗം പകരാം.

ആർ.എൻ.എ വൈറസാണ് രോഗകാരി. വളരെ മെല്ലെമാത്രം ശരീരത്തിലൂടെ സഞ്ചരിക്കുന്ന ഇത് കേന്ദ്ര നാഡീവ്യൂഹത്തിലൂടെ തലച്ചോറിലും സുഷുമ്‌നാ നാഡിയിലുമാണ് പ്രവർത്തിക്കുക.

 കടിയേറ്റാൽ ചെയ്യേണ്ടത്…

ഇത്തരം ജീവികളിൽ നിന്ന് കടിയേറ്റാൽ മുറിവേറ്റ ഇടം ശക്തമായ ജലപ്രവാഹത്തിൽ കൂടുതൽ സമയം കഴുകണം. സോപ്പുപോലുള്ള അണുനാശിനികളും ഉപയോഗിക്കാം. പരമാവധി വേഗത്തിൽ ആശുപത്രികളിലെത്തി വാക്‌സിൻ സ്വീകരിക്കണം. എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി-കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വാക്‌സിൻ ലഭ്യമാണ്. നേരത്തേത്തന്നെ ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനും സൗകര്യമുണ്ട്. രോഗലക്ഷണങ്ങൾ കാണാൻ മാസങ്ങളെടുക്കാം.

നേരത്തേ പൊക്കിളിന് ചുറ്റും 14 ഇൻജക്‌ഷൻ നൽകിയിരുന്നു. ഇന്ന് തൊലിപ്പുറത്തോ പേശികളിലോ ആണ് നൽകുന്നത്. എണ്ണവും കുറഞ്ഞു.

 ജില്ലയിലെ സൗകര്യങ്ങൾ…

ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്.

ഗുരുതരമായ കാറ്റഗറി മൂന്നിൽപ്പെട്ട കേസുകൾക്ക് വാക്‌സിനു പുറമേ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പു കൂടി എടുക്കണം.

വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും അതും കാറ്റഗറി മൂന്ന് ആയാണ് കണക്കാക്കുക.

 ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ…

വളർത്തുമൃഗങ്ങൾക്ക് കൃത്യമായി വാക്‌സിനേഷൻ നൽകണം. അതിനു ശേഷം കടിയേറ്റാലും നമ്മൾ പേവിഷ വാക്‌സിൻ എടുക്കണം.

മൃഗങ്ങളുമായി ഇടകലരുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്.

പേവിഷബാധ മരണം: കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിക്കാത്തത് അന്വേഷിക്കും
പെരുവള്ളൂർ : പേ വിഷബാധയിൽ വിദ്യാർഥിനി മരിക്കാനിടയായതിനെത്തുടർന്ന് പി. അബ്ദുൾഹമീദ് എംഎൽഎ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും മണ്ഡലത്തിലെ പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിയ കുട്ടിക്ക് വാക്സിനേഷനടക്കമുള്ള പ്രാഥമികചികിത്സ ലഭിക്കാത്തത് സംബന്ധിച്ചും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കുട്ടിക്കുവേണ്ട ചികിത്സ ലഭിക്കാത്തത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കടിയേറ്റവർക്ക് ആശ്വാസമേകാൻ ആരോഗ്യവിഭാഗം പ്രത്യേക കൗൺസലിങ്‌ നടത്തും.

മരിച്ച കുട്ടിയുടെ കുടുംബത്തിനും ചികിത്സയിൽ കഴിയുന്നവർക്കും സർക്കാർ സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എബിസി കേന്ദ്രം ആരംഭിക്കാൻ സർവകലാശാല സ്ഥലം അനുവദിക്കണമെന്നും തെരുവുനായ്‌ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതിനും കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് പ്രതിനിധികൾ, കാലിക്കറ്റ് എയർപ്പോർട്ട് ഡയറക്ടർ എന്നിവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗംവിളിക്കാൻ കളക്ടറോട് ആവശ്യപ്പെടുവാനും യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ ഇത്തരത്തിൽ ഒരു വർഷത്തിനിടയിൽ ആറ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
600 വാക്സിനുകൾ ഈവർഷം നൽകിയിട്ടുണ്ട്. അതിൽ ആറുപേരാണ് മരിച്ചതെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. സുബിൻ പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ഷാജി, തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ. സാദിഖ്, തദ്ദേശ സ്വയംഭരണവിഭാഗം ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി ടി. മനോജ്‌കുമാർ, പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, മൂന്നിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹറാബി, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!