ഒറ്റ നോട്ടത്തില്‍ ഒറിജിനലിനെ വെല്ലും ‘ഇ- ചലാനിലെ’ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാം; മുന്നറിയിപ്പ്

Share our post

ട്രാഫിക് ചലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചലാന്‍ ആണ് എന്ന് കരുതി ഇത്തരത്തിലുള്ള വ്യാജ ടെക്സ്റ്റ് അലര്‍ട്ട് സന്ദേശങ്ങളുടെ കൂടെ നല്‍കിയിരിക്കുന്ന പേയ്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്തെന്ന് വരാം. ഹാക്കര്‍മാര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ട്രാഫിക്കുമായി ബന്ധപ്പെട്ട ഇ- ചലാനില്‍ നല്‍കിയിരിക്കുന്ന പേയ്‌മെന്റ് ലിങ്ക് https://echallan.parivahan.gov.in/. എന്നാണ്. ഇതിന് സമാനമായി ലിങ്ക് ക്രിയേറ്റ് ചെയ്താണ് ഒറിജിനല്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള തട്ടിപ്പ്.

https://echallan.parivahan.in/ എന്ന തരത്തില്‍ ലിങ്ക് ക്രിയേറ്റ് ചെയ്ത് ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് ആണ് എന്ന് തോന്നിയെന്ന് വരാം. ആലോചിക്കാതെ പിഴ അടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ജാഗ്രത പുലര്‍ത്തുക. ഒറിജിനല്‍ ഇ- ചലാനില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടാവും. എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ നല്‍കിയിരിക്കും. എന്നാല്‍ വ്യാജ ചലാനില്‍ ഇത് ഉണ്ടാവില്ല.

വ്യാജ ചലാനുകള്‍ തിരിച്ചറിയാന്‍ ഇതൊരു വഴിയാണ്. കൂടാതെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറിയും തനിക്ക് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാവുന്നതാണ്. കൂടാതെ ഇ- ചലാന്‍ അലര്‍ട്ടുകള്‍ ഒരു സെല്‍ഫോണ്‍ നമ്പറില്‍ നിന്ന് വരില്ല എന്ന കാര്യവും ഓര്‍ക്കണം.

ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ നമ്പര്‍ ആയ 1930ല്‍ വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്. അല്ലാത്തപക്ഷം അടുത്ത പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാവുന്നതുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!