എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയെ സഹായിച്ച പോലീസുകാരന് സ്ഥലംമാറ്റം മാത്രം; വിവാദം

കണ്ണൂർ: ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ പ്രതിക്ക് അനുകൂലമായി ഇടപെട്ട പൊലീസുകാരനെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതു വിവാദമാകുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയെ പാനൂരിലേക്കു മാറ്റി സിറ്റി പൊലീസ് കമ്മിഷണറാണ് ഉത്തരവിട്ടത്.
ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2022ൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അനുകൂലമായി പൊലീസുകാരൻ ഇടപെട്ടുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഗുരുതരമായ ചട്ടലംഘനം നടത്തുകയും പൊലീസുകാരുടെ മാന്യതയ്ക്കു കളങ്കം വരുത്തുകയും ചെയ്ത പൊലീസുകാരനെതിരെ കൂടുതൽ കർക്കശമായ നടപടി വേണമായിരുന്നുവെന്നു പൊലീസുകാർക്കിടയിൽ തന്നെ അഭിപ്രായമുണ്ട്.
കേസിലെ ഇരയുടെ അമ്മയെ, പബ്ലിക് പ്രോസിക്യുട്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതിഭാഗം അഭിഭാഷകനു മുന്നിൽ എത്തിക്കുകയും വ്യക്തിപരമായതടക്കമുള്ള വിശദാംശങ്ങൾ അഭിഭാഷകൻ ശേഖരിക്കുകയും ചെയ്തതായാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തത്.
2 ആഴ്ച മുൻപായിരുന്നു ഈ സംഭവം. പൊലീസുകാരന്റെ അടുത്ത സുഹൃത്താണു പോക്സോ കേസിലെ പ്രതി. പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കേസിന്റെ വിശദാംശങ്ങൾ പ്രോസിക്യുട്ടർക്കു ചോദിച്ചറിയാനുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇരയുടെ അമ്മയെ പ്രതിഭാഗം അഭിഭാഷകന്റെ ഓഫിസിലെത്തിച്ചത്.
കേസിലെ പ്രധാന സാക്ഷിയായ, ഇരയുടെ അമ്മയെ സ്വാധീനിക്കാൻ ശ്രമം നടന്നതായും സൂചനയുണ്ട്. ആൾമാറാട്ടവും കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കലും അടക്കമുളള ആരോപണങ്ങൾ നേരിടുന്ന പൊലീസുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണു പൊലീസ് സേനയിൽ തന്നെ ആവശ്യമുയരുന്നത്.