വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം;തുടര്‍പഠനത്തിനുള്ള കേരളത്തിന്റെ സഹായം സ്വീകരിച്ചു കുടുംബം

Share our post

ദില്ലി: തുടര്‍പഠനത്തിനുള്ള സഹായം കേരളം നല്‍കാമെന്ന നിര്‍ദ്ദേശം മുസഫര്‍ നഗര്‍ സംഭവത്തിനിരയായ കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു.

കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കുബ്ബാപുര്‍ ഗ്രാമത്തിലെത്തി കുട്ടിയെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.

ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്:

വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗറില്‍ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുര്‍ ഗ്രാമത്തില്‍ എത്തി കുട്ടിയേയും ബാപ്പ ഇര്‍ഷാദിനെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു.

പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സി.പി.ഐ. എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.

ഈര്‍ഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു .

കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു .

കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നല്‍കിയാണ് ഞങ്ങള്‍ മുസഫര്‍നഗറിലെ കുഗ്രാമമായ കുബ്ബപ്പൂരില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!