മുതിർന്ന സി.പി.എം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി: സി.പി.എം മുൻ സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന സരോജിനി ബാലാനന്ദൻ(86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
വടക്കൻ പറവൂരിലുള്ള മകളുടെ വസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരോജിനിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച തീരുമാനം ബുധനാഴ്ച അറിയിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
മുതിർന്ന സി.പി.എം നേതാവും ട്രേഡ് യൂണിയൻ രംഗത്തെ കരുത്തനുമായിരുന്ന ഇ. ബാലാനന്ദന്റെ പത്നിയാണ് സരോജിനി.
1996-ൽ ആലുവയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള സരോജിനി, 2012-ലെ പാർട്ടി സംസ്ഥാന സമ്മേളനത്തിനിടെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.