ഗ്രേഡ് എസ്.ഐ സുഹൃത്തിനെ അടിച്ചുകൊന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ: വീട്ടിൽവച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ഗ്രേഡ് എസ്.ഐ അടിച്ചുകൊന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈംബാഞ്ച് ഡി.വൈ.എസ്.പി ജോഷി ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
പ്രതിയായ എസ്ഐ മയ്യിൽ സ്റ്റേഷനിൽ ആയതിനാൽ കേസിന്റെ അന്വേഷണം പൂർണമായും വളപട്ടണം പോലീസിന് കൈമാറിയിരുന്നു. ഇപ്പോൾ വളപട്ടണം പോലീസിൽനിന്നു കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.
കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവനെ കൊലപ്പെടുത്തിയ കേസിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൊളച്ചേരിപ്പറമ്പിലെ എ. ദിനേശനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
23ന് വൈകുന്നേരം അഞ്ചോടെയാണ് സജീവനെ (55) ദിനേശന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേഹമാകെ പരിക്കേറ്റ നിലയിലായിരുന്നു. തലയ്ക്കും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.
അന്ന് രാത്രിതന്നെ ദിനേശനെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സിറ്റി എ.സി.പി ടി.കെ.രത്നകുമാറിന്റെയും മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെയും നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പുതിയ ടീം അന്വേഷിക്കും.