ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം

Share our post

പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

ഇന്ന് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. നമ്മുടേത് മാത്രമായ, അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം തിരുവോണനാളില്‍ നമ്മള്‍ പുനസൃഷ്ടിക്കുകയാണ്…

ഓണം എന്നും മലയാളിക്ക് തിരിച്ചു പോക്കിന്റെ ഉത്സവമാണ്. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കും. പാടത്തും പറമ്പിലും പൂക്കള്‍ തേടി ഓണത്തുമ്പികളെപോലെ പാറിപ്പറക്കുന്ന കുരുന്നുകളും, അടുക്കളച്ചൂടില്‍ സദ്യയൊരുക്കാന്‍ തത്രപ്പെടുന്ന വീട്ടമ്മമാരും,
ഊഞ്ഞാലിലും ഓണക്കളികളിലുമായി ആവേശഭരിതരാകുന്ന കൗമാരങ്ങളും.. എല്ലാം ഓണത്തിന്റെ ഓര്‍മകള്‍.

ഓണത്തിന്റെ ആവേശം മനസ്സിലെങ്കിലും അതേ ചാരുതയോടെ ഇന്നും നിലനിര്‍ത്താന്‍ നാം ജാഗരൂകരാണ്.
കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു.

തുമ്പയും മുക്കുറ്റിയും തെച്ചിയുമെല്ലാം പതിയെ നമ്മുടെ അയല്‍പക്കങ്ങളില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും, നവലോകത്തിന്റെ രീതികള്‍ക്കൊപ്പം ആഘോഷങ്ങള്‍ മാറിയെങ്കിലും, പഴമയുടെ നന്മ മാത്രം തെല്ലും ചോരാതെ ഓരോ മലയാളിയിലുമുണ്ട്.
മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ ഓണാശംസകള്‍.മാവേലിത്തമ്പുരാനെ കാത്ത് അത്തം മുതല്‍ തീര്‍ക്കുന്ന പൂക്കളങ്ങളും പുത്തനുടുപ്പിന്റെ ഗന്ധത്തോടൊപ്പം നിഷ്‌കളങ്കതയുടെ പാല്‍പ്പുഞ്ചിരികളും ഓണത്തില്‍ ചേരുന്നു. പൂക്കളവും പൂവിളികളുമായി തൃക്കാക്കരയപ്പനെ വരവേറ്റു കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്.

കുടുംബമൊന്നിച്ച് തൂശനിലയിട്ട് വിഭവ സമൃദ്ധമായ സദ്യ കഴിക്കും. പിന്നാലെ കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളും, ഓണത്തല്ലും, വടംവലിയും, ഉറിയടിയുമെല്ലാം ചേര്‍ന്നുള്ള ഉത്സവാന്തരീക്ഷം ശബ്ദമുഖരിതമാകും. പ്രായഭേദമന്യേ ഏവരുടെയും ആഘോഷമായ ഓണം പുലിക്കളിയും, കുമ്മാട്ടിയുമായി പൊലിമയേറ്റും.

ഓരോ മലയാളിയും സമഭാവനയോടെ കൂട്ടായ്മയുടെ പര്യായമായി കൊണ്ടാടുന്ന ഓണമെന്ന ഈ മഹാമഹം, ഭൂലോകത്തിന്റെ കൊച്ചു കോണിലുള്ള കേരളത്തിന്റെ സമുദായ സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

കലുഷിതമായ ഭൗതിക സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ ഓണം നമുക്ക് അറിഞ്ഞാഘോഷിക്കാം. ഉള്ളവന്‍ ഇല്ലാത്തവന് കൊടുത്തും കഷ്ടപ്പെടുന്നവന്റെ ജീവിതത്തെ കഴിയാവുന്ന വിധം സഹായിച്ചും ‘മാനുഷരെല്ലാരും ഒന്നുപോലെ എന്ന വിശ്വമാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ചും സമൃദ്ധിയുടെ പ്രതാപൈശ്വര്യത്തിലേക്ക് നമുക്ക് സന്തോഷത്തോടെ ഒപ്പം നടക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!