ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പും പെരുകുന്നു ; മുന്നറിയിപ്പ്

Share our post

ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ‘സിംഗപ്പൂരിലേക്ക് 10 ദിവസത്തെ ടൂര്‍ പാക്കേജ്, ഗിഫ്റ്റ് വൗച്ചര്‍, ഏറ്റവും പുതിയ വേര്‍ഷൻ ഐ-ഫോണ്‍’ എന്നിങ്ങനെയുള്ള ആകര്‍ഷകമായ തലക്കെട്ടോടുകൂടിയാണ് ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജ ലിങ്കുകള്‍ എത്തുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇവയൊക്കെ സ്വന്തമാക്കാം എന്നതാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.

അതിനാല്‍, ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഓണം, ക്രിസ്തുമസ് പോലെയുള്ള ഉത്സവ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുകള്‍ സജീവമാകാറുണ്ട്. സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളില്‍ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരില്‍ കൂടുതലുമെന്നാണ് പോലീസിന്റെ കണക്കുകള്‍.

വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ മുഖാന്തരമാണ് വ്യാജ ലിങ്കുകള്‍ പ്രധാനമായും പ്രചരിക്കുന്നത്. പലപ്പോഴും പ്രമുഖ കമ്പനികളുടെ പേരും മറ്റു വിവരങ്ങളും നല്‍കിയാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നത്. എന്നാല്‍, ഇത്തരം പ്രമുഖ കമ്പനികളുടെ പേരിലെ അക്ഷരങ്ങളില്‍ നിന്ന് ചെറിയ വ്യത്യാസം തട്ടിപ്പുകാര്‍ നല്‍കുന്ന പേരുകളില്‍ ഉണ്ടാകും.

ലിങ്കില്‍ ക്ലിക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ക്ക് പുറമേ, ഓണവുമായി ബന്ധപ്പെട്ട സര്‍വ്വേ നടത്തുന്ന തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. 500 രൂപ മാത്രം രജിസ്ട്രേഷൻ ഫീസ് നല്‍കി സര്‍വ്വേ ആരംഭിക്കുകയും, സര്‍വ്വേ പൂര്‍ത്തിയായാല്‍ 10 ലക്ഷം രൂപ ലഭിക്കുമെന്നുമാണ് വാഗ്ദാനം. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ വിവരങ്ങള്‍ മുഴുവനായും ഹാക്കര്‍മാര്‍ സ്വന്തമാക്കുന്നതാണ്.

ഓണത്തോടനുബന്ധിച്ച്‌ വീട്ടുപകരണങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ നല്‍കുന്ന ഡിസ്കൗണ്ട് ഓഫറുകളും നിരവധിയാണ്. അതിനാല്‍, ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!