നാടിന് കാവലായി രാത്രികാല ഓട്ടോ ഡ്രൈവർമാർ

പയ്യന്നൂർ: പയ്യന്നൂർ നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവർമാർ ആഴ്‌ചയിൽ ഒരു ദിവസം ഖാദി വസ്‌ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. ഖാദി മേഖല പ്രതിസന്ധി നേരിടുകയും തൊഴിലാളികൾക്ക് തൊഴിൽ കുറയുകയും ചെയ്‌ത കാലത്താണ് പയ്യന്നൂരിലെ രാത്രികാല ഓട്ടോ തൊഴിലാളികൾ ഖാദിക്കൊരു കൈത്താങ്ങുമായി രംഗത്തുവന്നത്.
തൊഴിൽ എന്നതിലുപരി സന്നദ്ധ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയാണ് ഇവർ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റു സഹായങ്ങൾ ചെയ്യുന്നതിനും കൂടെനിൽക്കുന്നു. ഇതിന് ചെലവാക്കുന്ന തുക രാത്രികാല സർവീസിന്റെ ഫണ്ടിൽനിന്നാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിൽ രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ രക്തം നൽകാനും മുന്നോട്ടുവരാറുണ്ട്.
രാത്രികാലങ്ങളിൽ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമിറങ്ങുന്ന സാമൂഹ്യദ്രോഹികളെയും കക്കൂസ് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലത്ത് തള്ളുന്നവരെയും അധികൃതരുടെ മുന്നിലെത്തിക്കുന്നിനും ജാഗ്രത പാലിക്കുന്നു. ഡ്രൈവർമാരിൽനിന്ന് ഒരു വർഷം സ്വരൂപിച്ച തുക പയ്യന്നൂർ മണ്ഡലത്തിൽ അസുഖബാധിതരുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നു. ചൂരിക്കാടൻ ഗോപി കൺവീനറും ടി പി റിജു ജോയിൻകൺവീനറുമായി പ്രവർത്തിക്കുന്ന പയ്യന്നൂർ നൈറ്റ് സർവീസിൽ 23 ഡ്രൈവർമാരാണുള്ളത്.