കേളകം: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. നെഞ്ചിടിപ്പേറി യാത്രക്കാർ. രണ്ട് മാസം മുമ്പ് അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു.
ചെകുത്താൻ തോടിന് സമീപം ഇന്റർലോക്ക് ചെയ്ത ഭാഗത്താണ് വലിയ ഗർത്തം രൂപപ്പെടുകയും വാഹനങ്ങൾ ഗർത്തത്തിൽപെട്ട് അപകടങ്ങൾ പതിവാകുകയും ചെയ്യുന്നത്. ഇതോടൊപ്പം ചുരം പാതയുടെ വിവിധ ഭാഗങ്ങളിൽ ഇടിച്ചിലും തുടരുകയാണ്. പാറക്കല്ലുകൾ ഇടിഞ്ഞ് റോഡിലേക്ക് വീണിട്ടും അധികൃതർ ഗൗനിക്കുന്നതേയില്ല.
ജൂൺ മാസം ആദ്യവാരത്തോടെയാണ് കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട് റോഡിലെ ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തിയത്. ഇത് ഭൂരിഭാഗവും തകർന്നു. മുൻ വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് പാടെ തകർന്നത്.
അതിന് ശേഷം ചെറിയ അറ്റകുറ്റപ്പണി ചെയ്തതൊഴിച്ചാൽ ഇതുവരെ പാൽച്ചുരം റോഡ് കാര്യമായി നന്നാക്കിയിരുന്നില്ല. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ടാറിങ് പൊളിഞ്ഞ് മിക്കയിടങ്ങളിലും വലിയ കുഴികളായി. ഒന്ന് – രണ്ട് ഹെയർപിൻ വളവുകൾ, ആശ്രമം കവല, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു ഗർത്തമായി. പാർശ്വഭാഗങ്ങൾ എല്ലാം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.
ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ച കാരണം അപകടത്തിൽപ്പെട്ടത്. ഏറെ ആശങ്കയോടെയായിരുന്നു ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്. കനത്ത മഞ്ഞും മണ്ണിടിച്ചിലും തുടരുന്ന പാതയിലൂടെ യാത്ര കടുത്ത ഭീതിയിലാണ്.
തകർന്നടിഞ്ഞ കൊട്ടിയൂർ -വയനാട് ചുരം പാതക്ക് ഇനിയും ശാപമോക്ഷമാവാത്തതിന്റെ ദുരിതത്തിലാണ് ചുരം യാത്രക്കാർ. മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്.
അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം പാതയോട് അധികൃതരുടെ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്ത് ഇത്രയും അപകട ഭീഷണിയുള്ള പാത മറ്റൊന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തകർന്ന് ഗർത്തങ്ങളായ പാതയിൽ ദിനേന അപകടങ്ങളും പെരുകുകയാണ്. കഴിഞ്ഞ ദിവസം ചരക്ക് ലോറി അപകടത്തിൽ പെട്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
15 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാതയിൽ നിരോധനം ഉണ്ടെങ്കിലും അതിലിരട്ടി ഭാരം വഹിക്കുന്ന ടോറസ് വാഹനങ്ങളുടെ നിരയാണ് പാതയിലൂടെ നീങ്ങുന്നത്. അമിതഭാരം വഹിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാതെ പാതയുടെ ദുരവസ്ഥ അവസാനിക്കില്ല. പാതയുടെ വികസനത്തിന് 37 കോടി രൂപ കിഫ്ബിയിൽ വകയിരുത്തിയെങ്കിലും എന്ന് നടപ്പാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.