പെരുങ്കളിയാട്ടം: അഗ്നിക്കോലധാരികൾക്ക് പട്ടും വളയും നൽകി ആദരം

ചിറക്കൽ: നാൽപത്തഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിറക്കൽ കോവിലകം ചാമുണ്ഡികോട്ടം പെരുങ്കളിയാട്ടത്തിൽ അഗ്നിതെയ്യങ്ങൾ കെട്ടിയാടിയ കോലധാരികളെ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ചിറക്കൽ കോലത്തിരി വലിയ രാജ ആദരിച്ചു.
വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കെട്ടിയാടിയ ചിറക്കൽ രാജാസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിരാമിനേയും അഗ്നി ഘണ്ടാകർണൻ കോലധാരി സന്തോഷിനേയുമാണ് ആദരിച്ചത്.വിവിധ തട്ടകങ്ങളിലെ തെയ്യ സ്ഥാനികരും കോലധാരികളും കർമ്മികളും ആചാരപ്രകാരം ഇരുവരേയും അനുഗ്രഹിച്ചു.
തുടർന്നു ചാമുണ്ഡി കോട്ടം നടയിൽനടന്ന അനുമോദന സമ്മേളനം ചിറക്കൽ കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ്മയുടെ അദ്ധ്യക്ഷതയിൽ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ഹനുമൽ ഇന്റർനാഷണൽ മിഷൻ സ്ഥാപകാദ്ധ്യക്ഷൻ സ്വാമി ഹനുമദ് സ്വരൂപാനന്ദ അനുഗ്രഹ ഭാഷണം നടത്തി.
പെരുങ്കകളിയാട്ടം ജനറൽ കൺവീനർ സി.കെ. സുരേഷ് വർമ്മ, കമ്മിറ്റി ഉപാദ്ധ്യക്ഷൻ യു.പി സന്തോഷ്, കെ. രഞ്ജിത്ത്, കെ.പി ജയബാലൻ, രവീന്ദ്രനാഥ് ചേലേരി, രാജൻ അഴീക്കോടൻ തുടങ്ങിയവർ സംസാരിച്ചു. പെരുങ്കളിയാട്ടത്തിലെ മറ്റു തെയ്യക്കോലധാരികളേയും കർമ്മികളെയും ആചാരക്കാരെയും നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആദരിക്കുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.