കോടിയേരിയുടെ സ്മൃതി മണ്ഡപം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

കണ്ണൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. കോടിയേരിയുടെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിനാണ്.
പയ്യാമ്പലത്ത് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്മൃതിമണ്ഡപം നിർമിക്കുന്നത്. ഒന്നാം ചമരവാർഷികത്തിന് മുൻപുതന്നെ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.ശിൽപ്പി ഉണ്ണി കാനായിയാണ് രൂപകൽപ്പന ചെയ്തത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തന്നെയാണ് നിർമാണവും.
ഒന്നരയാഴ്ച മുൻപ് നിർമാണം തുടങ്ങിയ മണ്ഡപം മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉണ്ണി കാനായി പറഞ്ഞു.ഗ്രാനൈറ്റിൽ ആലേഖനം ചെയ്ത കോടിയേരിയുടെ ചിത്രവും പിന്നിൽ പാറിക്കളിക്കുന്ന ചെങ്കൊടിയുമാണ് ശിൽപ്പരൂപം. പത്തടിയോളം ഉയരമുണ്ടാകും. ഇഷ്ടികകൊണ്ടാണ് നിർമാണം.