കായിക കുതിപ്പിൽ ധർമടം; സായ് – ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഒൻപതിന് 

Share our post

ധർമടം : ഫുട്ബോളിന് പുൽമൈതാനം, അത് ലറ്റിക്സിന് എട്ട്‌ ലൈൻ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ മത്സരങ്ങൾക്ക് സ്റ്റേഡിയം…. കായികരംഗത്ത് കുതിപ്പിലാണ്‌ ധർമടം. ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിർമിച്ച സായ് – ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ചേർന്ന് ഒമ്പതിന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനാകും. ബ്രണ്ണൻ കോളേജിൽ പുതുതായി പണിത അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും സ്മാർട്ട്‌ ക്ലാസ്‌ റൂമിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പകൽ 11ന് ബ്രണ്ണൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും. 

രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ആധുനിക രീതിയിലാണ് ട്രാക്ക് നിർമിച്ചത്. എട്ട്‌ ലൈൻ ട്രാക്കും ഫുട്ബോൾ മൈതാനവുമാണ് ഇവിടെയുള്ളത്. കോവിഡിനെ തുടർന്ന് നിലച്ച പ്രവൃത്തി കഴിഞ്ഞ വർഷം പൂർത്തിയായി. മിനുക്കുപണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അംബേദ്കർ കോളനിക്ക് സമീപം കോളേജിന്റെ 7.54 ഏക്കർ സ്ഥലത്ത് എട്ടു കോടി രൂപയാണ് ചെലവഴിച്ചത്. ആദ്യഘട്ട പദ്ധതിയാണ് പൂർത്തിയായത്. ഗ്യാലറി, ഫ്ലഡ്‌ലിറ്റ്, ശൗചാലയ സമുച്ചയം, ചുറ്റുമതിൽ, ഇൻഡോർ സ്റ്റേഡിയം, ഹോസ്റ്റൽ, ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ സംബന്ധിച്ച രണ്ടാംഘട്ട പ്രവൃത്തി ഉടൻ തുടങ്ങും. 2013 ൽ തുടക്കംകുറിച്ച പദ്ധതി ബ്രണ്ണൻ കോളേജ് പൂർവ വിദ്യാർഥികൂടിയായ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് വേഗത്തിലായത്. 
കിഫ്‌ബി ഫണ്ടിൽനിന്നും 21.5 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക്‌ ബ്ലോക്കും ഹോസ്റ്റലും നിർമിച്ചത്. നാല് നിലയുള്ള അക്കാദമിക്‌ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്‌. 400 കുട്ടികൾക്ക്‌ താമസിക്കാവുന്നതാണ് ഹോസ്റ്റൽ. എൽ ആൻഡ്‌ ടി കമ്പനിയുടെ പൊതുനന്മാ ഫണ്ടിൽ 75 ലക്ഷം രൂപ ഉപയോഗിച്ചാണ് ആറു ക്ലാസ്‌ റൂമുകൾ സ്മാർട്ടാക്കിയത്. 
ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സായ് നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തിന്‌ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കെ. പ്രദീപൻ, പിി. ആതിര, പി. ഷാജൻ, ഡോ. പി.വി. ഷിജു, കെ.സി. രഘുനാഥൻ, പ്രിൻസിപ്പൽ പ്രൊഫ. സി. ബാബുരാജ്, പി. രജത് എന്നിവർ സംസാരിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!