54 കിലോമീറ്റര്‍ വനയാത്ര, കാട്ടില്‍ താമസം; അവധിക്കാലം ആഘോഷമാക്കാന്‍ പറമ്പിക്കുളത്ത് ജംഗിള്‍ സഫാരി

Share our post

സഞ്ചാരികള്‍ക്ക് കാടിന്റെ മുഴുവന്‍ സൗന്ദര്യവും പകരുകയാണ് പറമ്പിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ആസ്ഥാനമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളില്‍ സന്ദര്‍ശനം, പക്ഷിനിരീക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജംഗിള്‍ സഫാരി.

54 കിലോമീറ്റര്‍ വനാന്തരയാത്രയായ ജംഗിള്‍ സഫാരിയുടെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്. എട്ട് മിനിബസുകളിലാണ് ജംഗിള്‍ സഫാരി നടത്തുന്നത്. പരിശീലനംനേടിയ ഗൈഡുകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. രാവിലെ ഏഴിന് സഫാരി തുടങ്ങും. വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരമണിക്കൂറാണ് ഒരുസംഘത്തിന് അനുവദിക്കുക. ഒരുബസ് രണ്ടുപ്രാവശ്യം സര്‍വീസ് നടത്തും. ഒരുദിവസം പരമാവധി 500 പേര്‍ക്ക് യാത്രചെയ്യാം.

പറമ്പിക്കുളം ജംഗിൾ സഫാരിക്കുപയോഗിക്കുന്ന വാഹനങ്ങൾ

പാലക്കാട്ടു നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് പൊള്ളാച്ചിവഴി 11.15-ന് കടുവസങ്കേത ആസ്ഥാനമായ ആനപ്പാടിയിലും 11.45-ന് പറമ്പിക്കുളത്തും എത്തും. ടി.എന്‍.ആര്‍.ടി.സി.യുടെ ബസ് രാവിലെ ആറിന് പൊള്ളാച്ചിയില്‍നിന്ന് പുറപ്പെട്ട് 7.30-ന് ആനപ്പാടിയിലും 8.15-ന് പറമ്പിക്കുളത്തുമെത്തും.

തമിഴ്‌നാട് ബസ് ഉച്ചകഴിഞ്ഞും പറമ്പിക്കുളത്തേക്ക് സര്‍വീസ് നടത്തുമെങ്കിലും ഇതില്‍ വന്നാല്‍ സഫാരിയുടെ സമയം കഴിയും. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് രാവിലെ ആറുമുതല്‍ സേത്തുമട ചെക്പോസ്റ്റ് താണ്ടി ആനപ്പാടിയിലും പറമ്പിക്കുളത്തുമെത്താം.

ഒരേസമയം, 50 മുതിര്‍ന്നവര്‍ക്കും അനുബന്ധമായി കുട്ടികള്‍ക്കും താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ആനപ്പാടി കടുവസങ്കേത ആസ്ഥാനത്തെ ‘ടെന്റഡ് നിഷേ’യിലും പറമ്പിക്കുളത്തെ ‘ഹണികോമ്പി’ലും ഒന്‍പതുവീതം കുടുംബങ്ങള്‍ക്ക് താമസിക്കാം.

വീട്ടിക്കുന്നന്‍ ഐലന്‍ഡ്, പെരുവാരി എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ക്കുവീതവും തൂണക്കടവിലെ ട്രീ ടോപ്പില്‍ മൂന്നുപേര്‍ക്കും താമസിക്കാം.താമസക്കാര്‍ക്ക് ജംഗിള്‍ സഫാരിക്കുപുറമേ, ചങ്ങാടത്തില്‍ യാത്ര, ആദിവാസിനൃത്തം, ട്രക്കിങ് എന്നിവയും പാക്കേജിന്റെ ഭാഗമാണ്. www.parambikulam.org എന്ന സൈറ്റിലാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. ഫോണ്‍: 9442201690, 9487011685, 9442201691.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!