നിയമമില്ല എന്നിട്ടും ഇളവ്; എ.ഐ കാമറയില്‍ വി.ഐ.പികളെ ഒഴിവാക്കാന്‍ കേന്ദ്രം പറഞ്ഞിട്ടില്ല

എ.ഐ. ക്യാമറയ്ക്കുമുന്നിലെ ട്രാഫിക് നിയമലംഘനങ്ങളില്‍ വി.ഐ.പി.കള്‍ക്ക് ഇളവുനല്‍കുന്നത് രാജ്യത്തെ നിയമമനുസരിച്ചാണെന്ന മന്ത്രിയുടെ വാദം തെറ്റോ? ഇത്തരത്തില്‍ ഒരു ഉത്തരവും പോലീസിന്റെയോ മോട്ടോര്‍ വാഹനവകുപ്പിന്റെയോ കൈവശമില്ലെന്നാണ് വിവരാവകാശമറുപടിയില്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാനപദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് നിലവില്‍ ഇളവ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ നിയമമനുസരിച്ചാണ് ഇതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വി.ഐ.പി.വാഹനങ്ങളെ ഒഴിവാക്കാന്‍ സോഫ്റ്റ്വേറില്‍ മാറ്റവും വരുത്തിയിരുന്നു.
എന്നാല്‍, ഗതാഗതവകുപ്പില്‍ നിന്ന് നല്‍കിയിരിക്കുന്ന മറുപടിപ്രകാരം വി.ഐ.പി.കള്‍ക്കോ വി.വി.ഐ.പി.കള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കോ എ.ഐ. ക്യാമറയില്‍നിന്ന് ഇളവ് നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നും മറുപടി വ്യക്തമാക്കുന്നു. ആംബുലന്‍സുകള്‍, ഫയര്‍ എന്‍ജിനുകള്‍, തുടങ്ങിയ വാഹനങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വി.ഐ.പി.കള്‍ക്ക് ഇളവുനല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെന്നും മറുപടി വ്യക്തമാക്കുന്നു. എ.ഐ. ക്യാമറയില്‍നിന്ന് മന്ത്രിമാര്‍ക്ക് ഇളവുനല്‍കുന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ഇളവുനല്‍കുന്ന ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരവകുപ്പും വ്യക്കമാക്കിയിട്ടുണ്ട്.