പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ തന്നെ; ‘ഇന്ത്യ’ സഖ്യം ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമെന്ന് ഗഹ്‌ലോത്

ന്യൂഡൽഹി: വരാനിരിക്കുന്ന 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പിലും പ്രാദേശികഘടകങ്ങളാണ് പ്രതിഫലിക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് എല്ലാ പർട്ടികൾക്ക് മേലിലും വൻ സമ്മർദ്ദമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഒരിക്കലും അഹങ്കാരിയാകാൻ പാടില്ലെന്ന് പറഞ്ഞ ഗഹ്‌ലോത്, രാജ്യത്ത് ബി.ജെ.പി. അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിന് മാത്രമാണെന്ന് പറഞ്ഞു. ‘ബാക്കി 69 ശതമാനം വോട്ടും അദ്ദേഹത്തിനെതിരാണ്. പ്രതിപക്ഷ സഖ്യപാർട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവിൽ വെച്ച് നടന്നതിന് ശേഷം എൻ.ഡി.എ. വിരണ്ടിട്ടുണ്ട്’- ഗഹാലോത് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 50 ശതമാനം വോട്ട് നേടി അധികാരത്തിൽ എത്താൻ സാധിക്കില്ല, അദ്ദേഹം പ്രശസ്തിയുടെ ഉന്നതിയിലാണ്. വോട്ട് വിഹിതം കുറയും, ഇതിന്റെ ഫലമെന്നോണം 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനമാകും- അദ്ദേഹം പറഞ്ഞു.
2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് കോൺഗ്രസ് ആണ് കാരണമെന്ന് പറഞ്ഞ ഗഹ്‌ലോത് മോദിയുടെ സംസാരശൈലിയെ വിമർശിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.