ഓണത്തിന് ഓഫറുകളുടെ പിന്നാലെ പോകുന്നതിന് മുൻപ് ശ്രദ്ധിക്കുക; ഇല്ലെങ്കിൽ പണവും മാനവും പോകും

Share our post

തിരുവനന്തപുരം: ‘സിംഗപ്പൂരിലേക്ക് പത്ത് ദിവസത്തെ ടൂർ പാക്കേജ് ഗിഫ്റ്റ് വൗച്ചർ, ഏറ്റവും പുതിയ വേർഷൻ ഐ ഫോൺ…” ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി ഇതൊക്കെ സ്വന്തമാക്കാം എന്നാണ് വാഗ്ദാനം. ഓണം ‘ആഘോഷമാക്കാൻ” ഇത്തരം ഓഫറുകളുമായാണ് ഓൺലൈൻ തട്ടിപ്പുസംഘം രംഗത്തെത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളിൽ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരിൽ കൂടുതലുമെന്ന് പൊലീസ് പറയുന്നു.വാട്ട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും വരുന്ന ലിങ്കുകളാണ് പ്രധാന ചതിക്കുഴി. പ്രമുഖ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ലിങ്കുകൾ. അക്ഷരങ്ങളിൽ ചെറിയവ്യത്യാസമുണ്ടാവും.

ഓണവുമായി ബന്ധപ്പെട്ട സർവേ ആണ് മറ്റൊന്ന്. 500 രൂപ രജിസ്ട്രേഷൻ ഫീസുമുണ്ടാകും. വാഗ്ദാനം 10 ലക്ഷം രൂപയും. രജിസ്ട്രേഷൻ ഫീസ് നഷ്ടമാകുന്നത് കൂടാതെ ബാങ്ക് ഡീറ്റെയിൽസും ഹാക്കറിന് ലഭിക്കും.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വീട്ടുപകരണങ്ങൾ 50 ശതമാനം വരെ വിലക്കിഴിവിൽ നൽകുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്.

നാണക്കേടോർത്ത് പലരും ചതി പുറത്ത് പറയാറില്ല.ലോൺ തട്ടിപ്പ്പാൻ കാർഡും ആധാറും ജാമ്യവും വേണ്ട. അക്കൗണ്ടിൽ വായ്പാത്തുക എത്തും. ഓണം കുശാലാക്കാൻ വേറെന്ത് വേണം. പക്ഷേ, ദിവസങ്ങൾക്കകം വൻതുക പലിശയും ചേർത്ത് തിരികെ ആവശ്യപ്പെട്ട് കാൾ വരും. നൽകിയില്ലെങ്കിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ നമ്പർ എടുത്ത് തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് നാണം കെടുത്തുന്ന മെസേജുകൾ അയയ്ക്കും.

കുടുംബശ്രീയിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇത്തരം തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരെന്ന് സൈബർ പൊലീസ് പറയുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മലയാളം കൈകാര്യം ചെയ്യാനറിയുന്ന റാക്കറ്റാണ് ഇതിന് പിന്നിൽ.

ശ്രദ്ധിക്കേണ്ടത്

*സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.

*ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.

*ചതിയിൽ പെട്ടാൽ ഉടൻ അറിയിക്കേണ്ട സൈബർ ഹെൽപ്പ് ലൈൻ നമ്പർ 1930.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!