കണ്ണൂരിൽ ആടിയും പാടിയും വോട്ടർ ബോധവത്കരണ റാലി

കണ്ണൂർ: ആടിയും പാടിയും വോട്ടർമാരെ ബോധവത്കരിക്കുന്നതിൽ പങ്കാളികളായി വിദ്യാർഥികൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കണ്ണൂർ താലൂക്ക് ഓഫീസ്, കണ്ണൂർ എസ്.എൻ. കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവയാണ് ബോധവത്കരണ റാലി നടത്തിയത്.
പുലികളി, ചെണ്ടമേളം, മുത്തുക്കുടകൾ എന്നിവ നിറംപകർന്ന ഘോഷയാത്ര വോട്ടർമാർക്കുള്ള സന്ദേശംകൂടിയായി. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന പ്ലക്കാർഡുമായി മെഗാ തിരുവാതിരകളി അരങ്ങേറി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തെറ്റുതിരുത്താനും വിലാസം മാറ്റാനും നിലവിൽ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാൻ മുൻകൂട്ടി അപേക്ഷിക്കാനാകും. വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്, വോട്ടേഴ്‌സ് സർവീസ് പോർട്ടൽ, ബി.എൽ.ഒ. ആപ്പ് എന്നിവ വഴി ഓൺലൈനായി അപേക്ഷിക്കാം.
എസ്.എൻ. കോളേജിൽ നടന്ന ചടങ്ങ് കളക്ടർ എസ്. ചന്ദ്രശേഖർ ഫ്ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ലിറ്റി ജോസഫ് അധ്യക്ഷതവഹിച്ചു. കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, പ്രിൻസിപ്പൽ ഡോ. എസ്.പി. കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപിന്റെ നേതൃത്വത്തിൽ വനിതകളുടെ മെഗാ തിരുവാതിരകളി അരങ്ങേറി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്തു.
സർക്കാർ ജീവനക്കാരും കണ്ണൂർ കൃഷ്ണ മേനോൻ വനിത കോളേജ് വിദ്യാർഥികളും ഉൾപ്പെടെ 100-ഓളം പേരാണ് ചുവടുവെച്ചത്. കോളേജിൽ നടന്ന ചടങ്ങിൽ ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ ലിറ്റി ജോസഫ് അധ്യക്ഷതവഹിച്ചു. തഹസിൽദാർ സാജൻ സി. വർഗീസ്, പ്രിൻസിപ്പൽ ചന്ദ്രമോഹൻ, ഇലക്ടറൽ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ നഫീസ ബീവി തുങ്ങിയവർ പങ്കെടുത്തു.